Sunday, October 3, 2010

ചെലവ് കുറഞ്ഞ ക്യാന്‍സര്‍ മരുന്ന്

ചെലവ് കുറഞ്ഞ ക്യാന്‍സര്‍ മരുന്നു നിര്‍മ്മിക്കുവാനുള്ള മാര്‍ഗ്ഗവുമായി മലയാളി ശാസ്ത്രജ്ഞന്‍...

ക്യാന്‍സര്‍ രോഗത്തിനായി ഉപയോഗിക്കുന്ന ടാക്സോള്‍ എന്ന വില കൂടിയ മരുന്ന് പസഫിക്ക് യൂ എന്ന മരത്തിന്റെ തൊലിയില്‍ നിന്നാണ് എടുക്കുന്നത്. ഒരു രോഗിയെ ചികിത്സിക്കുവാന്‍ ഏകദേശം നാല് മരങ്ങളില്‍ നിന്നുള്ള തൊലിയെങ്കിലും ആവശ്യമായതിനാല്‍ ഒരു ഡോസിന് പതിനായിരം ഡോളറോളം വിലയാണുള്ളത്. എന്നാല്‍ ഇ-കോളൈ എന്ന ബാക്റ്റീരിയയില്‍ ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ മരുന്ന് എളുപ്പത്തില്‍ നിര്‍മ്മിക്കാം എന്ന് എം.ഐ.റ്റി.യിലെ ശാസ്ത്രജ്ഞനായ മലയാളി കൂടിയായ ഡോ. അജികുമാറും സംഘവും തെളിയിച്ചിരിക്കുന്നു. ഇത് വഴി ഈ മരുന്നിന്റെ വില കുത്തനെ കുറയ്ക്കാം. ഒക്ടോബര്‍ 1 ന്‍ ഇറങ്ങിയ സയന്‍സ് മാസികയില്‍ ഈ കണ്ട് പിടുത്തം അച്ചടിച്ച് വന്നിരിക്കുന്നു.

മരത്തില്‍ നിന്നുള്ള രണ്ട് ജീനുകള്‍ ഇകോളയില്‍ ചേര്‍ത്തപ്പോള്‍ ടാക്സോള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായ ടാക്സിഡീന്റെ ഉല്‍പ്പാദനം 1000 മടങ്ങായിട്ട് വര്‍ദ്ധിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു.  

ലേഖനത്തിന്റെ മുഖ്യ രചിയതാവായ ഡോ. അജികുമാറിന്റെ അഭിപ്രായത്തില്‍ ഈ കണ്ട് പിടുത്തം ടാക്സോള്‍ എന്ന മരുന്നിന്റെ വില കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല അള്‍ഷമേഴ്സ്, രക്ത സമ്മര്‍ദ്ധം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ഈ രീതിയില്‍ ഉണ്ടാക്കിയെടുക്കുവാന്‍ കഴിയുക വഴി ഈ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് കുത്തനെ കുറയും.

“പ്രകൃതിയെ അനുകരിക്കുക വഴി മരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ ബാക്റ്റീരിയകളുടെ ജനിതക മാറ്റത്തിലൂടെ നമുക്ക് ലാബുകളില്‍ ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും എന്നതിനാല്‍ ആരോഗ്യ മേഖലയില്‍ വലിയൊരു കുതിച്ച് ചാട്ടമായിരിക്കും ഇനി കാണുവാന്‍ കഴിയുക” എന്ന് ഡോ. അജികുമാര്‍ അഭിപ്രായപ്പെടുന്നു.

ടാക്സോള്‍ എന്ന മരുന്നിലേയ്ക്ക് എത്തുവാന്‍ ഇനിയും പതിഞ്ചോളം പാതകള്‍ പിന്നിടേണ്ടതുണ്ടെങ്കിലും ഇത് പോലെ ബാക്റ്റീരിയകളില്‍ ജനിതക മാറ്റം വരുത്തുന്നതിലൂടെ മരുന്നുകള്‍ മാത്രമല്ല സൌന്ദര്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, എസ്സെന്‍സുകളും മറ്റും ചെലവ് കുറച്ചും എളുപ്പത്തിലും ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും എന്നതിനാല്‍ ഈ കണ്ടു പിടുത്തം ശാസ്ത്ര ലോകത്തിന് ഒരു നാഴിക കല്ലാണ്. 

ഇതിന് തുടക്കം കുറിച്ച ഡോ. അജികുമാര്‍ എം.ജി.യൂണിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്.ഡി. എടുത്തതിന് ശേഷം ഇപ്പോള്‍ അമേരിക്കയിലെ എം.ഐ.റ്റി.യില്‍ ഡോ.സ്റ്റെഫാനോപോളസിന്റെ നേതൃത്വത്തില്‍ ഉപരിഗവേഷണം നടത്തുകയാണ്. ഈ കണ്ട് പിടുത്തം പേറ്റന്റിന്‍ സമര്‍പ്പിച്ചിരിക്കുന്ന ഇവര്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുവാനുള്ള പുതിയ ഒരു കമ്പനി തുടങ്ങുവാനുള്ള ഒരുക്കത്തിലാണ‍.

Thursday, August 19, 2010

മെഡീക്കല്‍ സ്റ്റഡി ബൈബിളില്‍ നിന്ന്!

ബൈബിളില്‍ യേശു ശ്രൂഷിച്ച് സുഖപ്പെടുത്തിയ ഒരു സ്ത്രീയെ കുറിച്ച് വിവരിക്കുന്നുണ്ട്. യേശു അവരെ കയ്യില്‍ എടുക്കുന്നതോടെ അവരുടെ രോഗം ഭേദമാകുന്നു. ആ സ്ത്രീക്ക് യഥാര്‍ത്ഥത്തില്‍ എന്ത് അസുഖം ആയിരുന്നു?

ഹോങ്ങോങ് ചൈനീസ് യൂണിവേഴ്സിറ്റിയിലെ പിഡിയാട്രിക്ക് വിഭാഗത്തിലെ ഹോനിനും കൂട്ടരും അതിന്റെ പുറകേ പോയി. വൈറോളജി ജേര്‍ണലില്‍ “കേസ് റിപ്പോര്‍ട്ട്” വിഭാഗത്തില്‍ അവരുടെ “കണ്ട്പിടുത്തം” പ്രസിദ്ധീകരിച്ചു.

ഇന്‍ഫ്ലുവന്‍സയാണത്രേ! 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യര്‍ക്ക് ഇന്‍ഫ്ലുവെന്‍സ പിടിപ്പെട്ടിരിന്നുവെന്നതിന്റെ തെളിവാണ് ബൈബളിലെ ഈ “സംഭവം” എന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്! അതിന് തെളിവ്? അതും ബൈബിളിലെ വരികള്‍ തന്നെ!

പഴയ നിയമത്തില്‍ എലിശ, മരിച്ച ഒരു കുട്ടിക്ക് വായിലൂടെ ശ്വസനം നല്‍കി ജീവിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ മൌത്ത്-ടു-മൌത്ത് കാര്‍ഡിയോ തെറാപ്പിയാണെന്നും ഇവര്‍ ചൂണ്ടി കാട്ടുന്നു. ഇങ്ങനെ ഒരുപാട് മെഡിക്കല്‍ റെഫറന്‍സുകള്‍ ബൈബിള്‍ നല്‍കുന്നുണ്ട് പോലും!

2.44 ഇമ്പാക്ട് ഫാക്ടര്‍ ഉള്ള ഒരു ജേര്‍ണലില്‍ വന്നതാണിത് എന്നത് അത്ഭുതപ്പെടുത്തുന്നു. ബൈബിള്‍ മാത്രം ആസ്പദമാക്കി അതില്‍ വിവരിച്ച ഒരു “സംഭവം” എന്താണെന്ന് “തെളിയിച്ച” ലേഖകര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

എന്തായാലും സംഭവം പ്രശ്നമായതോടെ ജെര്‍ണലിന്റെ എഡീറ്റര്‍-ഇന്‍-ചീഫ് മാപ്പ് പറഞ്ഞ് ഈ ലേഖനം പിന്വലിക്കുന്നതായി പ്രഖ്യാപിച്ചു.

എഴുത്തുകാര്‍ അവകാശപ്പെടുന്ന പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരുന്ന് ലേഖനങ്ങള്‍ പിന്വലിക്കുന്നത് ഇന്ന് സാധാരണ സംഭവമാണ്. എന്നാല്‍ ഒരു “കഥയെ” മാത്രം ആസ്പദമാക്കി ഒരു മെഡിക്കല്‍ കേസ് സ്റ്റഡി പ്രസിദ്ധീകരിക്കുക എന്ന് പറഞ്ഞാല്‍!!!!

കൌരവരുടെ ജനന കഥ ഇനി ഏത് ജേര്‍ണലില്‍ വരുമോ ആവോ?

Thursday, April 22, 2010

അറിഞ്ഞിരിക്കേണ്ടവ

കഴിഞ്ഞ നവമ്പറില്‍ ന്യൂയോര്‍ക്ക് അക്കാഡമി ഓഫ് സയന്‍സസിന്റെ സെമിനാറില്‍ പങ്കെടുത്തിരുന്നു. ഓക്സിജന്റെയും‍, നൈട്രജന്റെയും ഓക്സൈഡുകള്‍ മൂലം ശരീരത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകളെ പറ്റിയായിരുന്നു സെമിനാര്‍. പ്രധാനമായും അന്തരീക്ഷ മലിനീകരണം, പുകവലി, ബയോ ടെററിസം എന്നിവ മൂലം ഉണ്ടാകാവുന്ന ദോഷ ഫലങ്ങളെ പറ്റിയായിരുന്നു ചര്‍ച്ചകള്‍. പരീക്ഷണശാലകളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നും ഉള്ളവര്‍ ഒത്ത് കൂടിയ ഒരു സെമിനാര്‍.  അവിടെ നിന്നും കേട്ട അറിവുകളില്‍ ചിലത് കോറിയിടുന്നു.

സെമിനാര്‍ നടന്നത് പ്രസിദ്ധമായ പഴയ ട്വിന്‍ ടവറിന് സമീപം. അതേ 9/11 എന്ന് പറയുന്ന സംഭവം നടന്നതിന് തൊട്ടടുത്തുള്ള ടവറിലായിരുന്നു. 40ആം നിലയില്‍. അവിടെ നിന്ന് നോക്കിയാല്‍ താഴെ “ഗ്രൌണ്ട് സീറോയില്‍” നടക്കുന്ന പണികള്‍ കാണാം. ഇത് പറയുവാന്‍ കാരണം ചര്‍ച്ചകളില്‍ ഒരു പ്രധാന വിഷയമായിരുന്നു അന്ന് നടന്ന കെട്ടിടങ്ങളുടെ തകര്‍ച്ച. അന്ന് അവിടെ നിന്നും രക്ഷപ്പെട്ടവരുടെയും, അവരെ രക്ഷിച്ച ഫയര്‍ ഫൈറ്റര്‍മാരുടെയും, പോലീസുകാരുടെയും ആരോഗ്യം ഇന്നും നിരീക്ഷിക്കുന്നു. 15000 കണക്കിന് വരുന്ന അവരില്‍ ഭൂരിഭാഗത്തിനും ശ്വാസകേശ സംബന്ധമായ അസുഖങ്ങള്‍ പിടിപ്പെട്ടിരിക്കുന്നു. ആസ്ബറ്റോസ് പൊടികളും, സിമന്റ് തരികളും, തീയുടെ പുകയില്‍ നിന്ന് വന്ന രാസവസ്തുക്കളും മറ്റും അവരുടെ ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നു.  [അവരില്‍ ഭൂരിപക്ഷത്തിന്റെയും ശ്വാസകോശങ്ങള്‍ നശിച്ചു എന്ന് കഴിഞ്ഞ ദിവസം ചില ശാസ്ത്രജ്ഞര്‍ ലോകത്തെ അറിയിച്ചു].

ഒരു പക്ഷേ ആ കെട്ടിടങ്ങള്‍ തകര്‍ത്തവര്‍ പോലും പ്രതീക്ഷിക്കാതിരുന്ന പാര്‍ശ്വഫലങ്ങള്‍!

എന്നെ അത്ഭുതപ്പെടുത്തിയത് 9/11ന് നടന്ന ആ സംഭവം ഞെട്ടലോടെ ഞാന്‍ ടി.വി.യില്‍ ലൈവ് കണ്ട് കൊണ്ടിരുന്നപ്പോള്‍ പല ശാസ്ത്രജ്ഞരും ഇവിടെ അന്ന് ഉയര്‍ന്ന പൊടികളുടെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു, ഹോസ്പിറ്റലിലാക്കപ്പെട്ട രോഗികളെ നിരീക്ഷിക്കുകയായിരുന്നു എന്നതാണ്. കാരണം ശാസ്ത്ര ലോകത്തിന് പുതിയ ഒരു അന്തരീക്ഷമലിനീകരണ “സാമ്പിളാണ്” കിട്ടിയത്. അമ്ല ഗുണമുള്ള വലിയ സിമന്റ് തരികള്‍ മുതല്‍ തീയുടെ പുകയില്‍ നിന്ന് ഉയര്‍ന്ന പൊടി പടലങ്ങള്‍ വരെയുള്ള മിശ്രിതം. ഒരു ലാബിലും പുനര്‍ ആവിഷ്കരിക്കുവാന്‍ പറ്റാത്ത ഒരു അന്തരീക്ഷം.

അതേ പോലെ തന്നെ പ്രാധാന്യമുള്ളതായി തോന്നിയ മറ്റൊന്നാണ് ചൈനയില്‍ ഈയിടെ നടന്ന ഒളിമ്പിക്സുമായി ബന്ധപ്പെട്ട സംഭവം. അന്ന് അന്തരീക്ഷമലിനീകരണമെന്ന് പറഞ്ഞ് ചൈനയെ ഭീഷണിപ്പെടുത്തിയ രാഷ്ട്രങ്ങളോട് ഒളിമ്പിക്സ് തുടങ്ങുമ്പോള്‍ മലിനീകരണം കുറയ്ക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. അവര്‍ അത് പോലെ തന്നെ ചെയ്തു. കണ്ടം ചെയ്ത വാഹനങ്ങള്‍ പിന്വലിച്ചു, വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിരുന്ന നിലയങ്ങളുടെ പ്രവര്‍ത്തനം നിറുത്തി, ഫാക്ടറികള്‍ തകര്‍ത്തു, സിറ്റിയിലേയ്ക്കുള്ള ട്രാഫിക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരുക്കത്തില്‍ ഒളിമ്പിക്സ് സമയത്ത് “ക്ലീന്‍ സിറ്റി”. എന്നാല്‍ ചില ശാസ്ത്രജ്ഞര്‍ക്ക് ഇത് സുവര്‍ണ്ണ അവസരമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. പൊല്യൂഷന്‍ കൂടി നിന്ന ഒരു സ്ഥലം പെട്ടെന്ന് ക്ലീനാകുമ്പോള്‍ അവിടെ ജീവിക്കുന്ന ജനങ്ങളെയത് എങ്ങിനെ ബാധിക്കും എന്ന് അറിഞ്ഞാല്‍ ഇന്ന് അന്തരീക്ഷ മലിനീകരണം ശക്തമായ ലോകത്ത് മലിനീകരണം കുറയുന്നത് മൂലം എന്ത് സംഭവിക്കും എന്ന് മുങ്കൂട്ടി പ്രഖ്യാപിക്കുവാന്‍ കിട്ടുന്ന അവസരം. ശാസ്ത്രജ്ഞര്‍ 6 മാസത്തോളം പണിയെടുത്തതിന്റെ ഫലം ഈ സെമിനാറില്‍ അവതരിപ്പിച്ചു. വിചാരിച്ചത് പോലെ തന്നെ അന്തരീക്ഷത്തിലെ മാറ്റം ജനങ്ങളിലും കണ്ടു. എന്നാല്‍ ഇത് കൊണ്ടുള്ള നേട്ടത്തെ പറ്റിയുള്ള ഫലങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം.

മറ്റൊരു സംഭവം ബയോ ടെററിസത്തെ പറ്റിയാണ്. 9/11ന് ശേഷം തീവ്രവാദികള്‍ ബയോ/കെമിക്കല്‍ വസ്തുക്കള്‍ ഉപയോഗിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ആന്ത്രാക്സ് പൊടി പോസ്റ്റിലൂടെ ലഭിച്ചതോടെ അത് ഒരു യാഥാര്‍ത്ഥ്യമെന്ന് ലോകം തിരിച്ചറിഞ്ഞു! നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതല്‍ ശത്രു രാജ്യത്തിനെ തുരത്തുവാന്‍ അമേരിക്കയുള്‍പ്പെടെയുള്ളവര്‍ തന്നെ ഉപയോഗിച്ച ബയോ/രാസവസ്തുക്കള്‍ മനുഷ്യരില്‍ എന്ത് ഫലം ചെയ്യുമെന്നും അതിനെ എങ്ങിനെ നേരിടാമെന്നും ഉടനെ കണ്ട് പിടിക്കുവാന്‍ ശാസ്ത്രജ്ഞരോട് അമേരിക്കന്‍ ഗവണ്മെന്റ് ആവശ്യപ്പെട്ടു. മില്ല്യണ്‍ കണക്കിന് ഡോളറുകളാണ് ഇതിന് ചെലവഴിക്കുന്നത്! ഇതില്‍ ഒരു പ്രധാന വില്ലനാണ് മസ്റ്റാര്‍ഡ് ഗ്യാസ്.

ഒന്നാം ലോക മഹായുദ്ധത്തിലാണ് ഇത് ആദ്യം പരീക്ഷിച്ച് “വിജയിച്ചത്” പിന്നീട് രണ്ടാം ലോക യുദ്ധത്തില്‍ അമേരിക്കയായിരുന്നു ഇതിന്റെ ഡിസ്ട്രിബ്യൂട്ടേഴ്സ്. എന്നാല്‍ യുദ്ധം പെട്ടെന്ന് അവസാനിച്ചപ്പോള്‍ ടണ്‍കണക്കിന് മസ്റ്റാര്‍ഡ് ഗ്യാസ് ബാക്കി വന്നു. ഇത് പലരാജ്യങ്ങളും ബാരലുകളിലാക്കി കടലിലെറിഞ്ഞു. എന്നാല്‍ അവയില്‍ ചിലത് ഇന്നും മീന്‍പിടുത്തക്കാര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നു. ഈ സെമിനാറിലും മസ്റ്റാര്‍ഡ് ഗ്യാസ് എങ്ങിനെ ശ്വാസകേശത്തെയും മറ്റും ബാധിക്കുമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇവരുടെ “ഭാഗ്യത്തിന്” പണ്ട് കടലിലെറിഞ്ഞ ഒരു ടാങ്ക് കഴിഞ്ഞ കൊല്ലം ഒരു മീന്‍പിടുത്തക്കാരന് ലഭിക്കുകയും അത് എന്തെന്നറീയാതെ ഒരു മിലിട്ടറിക്കാരന്‍ എടുത്ത് തോളത്ത് വെച്ച് വണ്ടിയില്‍ കയറ്റുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളീല്‍ ആ പാവത്തിനെ ശരീരമാസകലം കുമിളകളായി ഹോസ്പിറ്റലില്‍ അട്മിറ്റ് ചെയ്തു. എലികളില്‍ പരീക്ഷണം നടത്തിയപ്പോള്‍ അവയുടെ തൊലിയില്‍ ഇത് പോലെ കുമിളകള്‍ കണ്ടിരുന്നില്ല. ഇത് എന്ത് കൊണ്ട് എന്നതിന് ഉത്തരം ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. ഇതാണ് പറയുന്നത് “ഭാഗ്യം” കൂടി വേണമെന്ന്. പരീക്ഷണം നടത്തുവാന്‍ മനുഷ്യരെ കിട്ടാതിരുന്ന സമയത്ത് അതാ തൊട്ട് മുന്നില്‍ ഒരു മിലിട്ടറിക്കാരന്‍ പ്രത്യക്ഷപ്പെട്ടു.

പതിവ് പോലെ അന്തരീക്ഷമലിനീകരണവും, പുകവലിയും ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ താളവും തെറ്റിക്കുമെന്ന് സെമിനാറില്‍ വിലയിരുത്തപ്പെട്ടു. നൈട്രിക്ക് ഓക്സൈഡ് എന്ന വാതകത്തിന്റെ പ്രാധാന്യം ഒരിക്കല്‍ കൂടി വിളിച്ചറിയിക്കുന്നതായിരുന്നു ഈ സെമിനാര്‍.

ചുരുക്കത്തില്‍ താല്‍ക്കാലിക വിജയത്തിനായി നാം ചെയ്ത് പോയ കാര്യങ്ങള്‍ ഇന്ന് നമ്മളെ തന്നെ തിരിച്ച് കടിക്കുന്നു എന്ന സത്യത്തിന് അടിവരയിടുന്നതായിരുന്നു ഈ സെമിനാര്‍.

Sunday, November 22, 2009

ശാസ്ത്രം ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍

ശാസ്ത്രം എന്നും മസില്‍ പവ്വര്‍ ഉള്ളവന്റെ കൂടെയായിരുന്നു എന്നാണ് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. പണ്ട് ക്രൈസ്തവ സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെ പറഞ്ഞതിന് പല ശാസ്ത്രജ്ഞരും മൃഗീയമായും അല്ലാതെയും കൊല്ലപ്പെട്ടു. എന്നിട്ടും ശാസ്ത്രം വളര്‍ന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന പല കണ്ട് പിടുത്തങ്ങളും യഥാര്‍ത്ഥില്‍ മറ്റ് പലരുമായിരുന്നു ആദ്യം കണ്ടെത്തിയതെന്ന് ഇന്ന് തെളിയുന്നു.

കാലം കടന്ന് പോയി അതെല്ലാം പഴങ്കഥകളായി നാം ആധുനിക മനുഷ്യര്‍ പ്രൊഫഷണിലിസം എന്തെന്ന് നമുക്കറിയാം. എതിര്‍പ്പുകളെ സംയനത്തോടെ എങ്ങിനെ നേരിടണം. തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ “പീര്‍ റിവ്യൂ” ജേര്‍ണലുകളീല്‍ പ്രസിദ്ധീകരിച്ച് ചര്‍ച്ചകള്‍ക്ക് തുടക്കമിടാം. പുതുതായി ഒരു ഗവേഷണ ഫലം കണ്ടെത്തിയാല്‍ അതിന് ശക്തമായ തെളിവുകളുണ്ടെങ്കില്‍ ശാസ്ത്രലോകം അത് ചര്‍ച്ച ചെയ്യും.

ഇത് ഇന്നലെ വരെ കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ വെള്ളിയാഴ്ച ശാസ്ത ലോകം ഉണരുന്നത് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ വായിച്ച് കൊണ്ടാണ്.

ആഗോള താപനില ഭീകരമായിട്ട് ഉയരുന്നു എന്നും ഇതിന് കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണെന്നും അതിനാല്‍ മനുഷ്യരാണ് ഇതിന് കാരണക്കാര്‍ എന്നും തെളിവ് സഹിതം ശാസ്ത്ര ലോകത്തെ ചിലര്‍ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാരും രാജ്യങ്ങളും സംഘടനകളും രംഗത്തെത്തുകയൂം ചെയ്യ്തിരുന്നു. കാര്‍ബണ്‍ ദൈ ഓക്സൈഡ് പുറത്ത് വിടുന്നത് കുറയ്ക്കുവാന്‍ ബ്രിട്ടന്റെയും, അമേരിക്കയുടെയും നേതൃത്വത്തില്‍ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു. ഇതിന് വന്‍പ്രചരണം നല്‍കിയ അല്‍ഗോറിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനവും ലഭിച്ചു. അഴ്ചകള്‍ക്കുള്ളില്‍ കോപ്പണ്‍ ഹേഗില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥ സമ്മേളനത്തില്‍ ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. ഇതിനിടയില്‍ ഈ പറയുന്നത് പോലെ കാലാവസ്ഥ വ്യതിയാനത്തില്‍ കാര്‍ബണിന് പ്രത്യേകിച്ച് റോളൊന്നുമില്ല എന്നും മനുഷ്യരുടെ ഇടപെടല്‍ ഇതിനൊരു പ്രധാന കാരണമേയല്ല എന്നും പറയുന്ന ന്യൂനപക്ഷം രംഗത്തെത്തി. അവര്‍ക്ക് “പ്രീ റിവ്യൂ” ജേര്‍ണലില്‍ പറയത്തക്ക പേപ്പറൂകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ശാസ്ത്ര ലോകം അവരെ “തിരുത്തല്‍ വാദികള്‍” ആയി കണ്ടു.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ ലോകത്തെ ഞെട്ടിച്ചു. കാലാവസ്ഥ വ്യതിയാനത്തിന് മനുഷ്യ പങ്കിനെ കുറിച്ച് ശക്തമായ തെളിവുകള്‍ നല്‍കിയ ബ്രിട്ടണീലെ കാലാവസ്ഥ ഗവഷണ കേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ ശൃംഘലയില്‍ കടന്ന് കയറീ 1990കള്‍ മുതലുള്ള ആയിരക്കണക്കിന് ഇ-മെയിലുകളും, ഡോക്യുമെന്റുകളും അടങ്ങിയ ഫയല്‍ ഹാക്കര്‍ വെബ് സൈറ്റില്‍ ഇടുകയുണ്ടായി. ഗവേഷണ കേന്ദ്രത്തിന്റെ തലവന്റേതായ ഇ-മെയിലുകളാണ് ഭൂരിപക്ഷവും.

ഇ-മെയിലില്‍ പലതും ഉള്ളവ തന്നെയാണെന്നാണ് അതില്‍ പേരുള്ളവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അത് വിശകലനം ചെയ്താല്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണത്രേ ലഭിക്കുന്നത്.

പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഉയരുന്ന ചില ചോദ്യങ്ങള്‍
1) ശാസ്ത്രീയ പിന്തുണയുണ്ടെന്ന് പറഞ്ഞ് അല്‍ഗോര്‍ പ്രദര്‍ശീപ്പിച്ചിരുന്ന പ്രസിദ്ധമായ “ഹോക്കി സ്റ്റിക്ക്” ഗ്രാഫ് ചില വസ്തുതകള്‍ മനപൂര്‍വ്വം “മറച്ച്” വെച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നുവോ?
2) ശാസ്ത്ര ലോകത്ത് “പ്രീ റിവ്യൂ” ജേര്‍ണലുകളില്‍ തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുന്നവരെ റിവ്യുവറായി കൊണ്ടു വരുകയും അത് വഴി തങ്ങളുടെ പേപ്പറുകള്‍ യാതൊരു തടസ്സവും കൂടാതെ പ്രസിദ്ധീകരിക്കുകയായിരുന്നുവോ?
3) തങ്ങളുടെ ആശയങ്ങളെ എതിര്‍ക്കുന്നവരുടെ പേപ്പറുകള്‍ പ്രസിദ്ധീകരിപ്പിക്കുന്നത് തടഞ്ഞിരുന്നതിനാലാണോ ആ ന്യൂനപക്ഷത്തിന് “പ്രീ റിവ്യൂ” ജേര്‍ണലുകളീല്‍ പേപ്പറീല്ലാതെ വന്നത്?
4) തങ്ങളെ എതിര്‍ക്കുന്നവര്‍ക്കിട്ട് എങ്ങിനെയ്യൊക്കെ ടോര്‍പ്പിഡോ വെയ്ക്കാം എന്ന് ഇവര്‍ ചര്‍ച്ച ചെയ്തിരുന്നുവോ? 
5) ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷനിലൂടെ കാലാവസ്ഥ വ്യതിയാനത്തിന്റെ സത്യമറിയുവാന്‍ നോക്കുന്നവര്‍ക്ക് തങ്ങളുടെ ഡാറ്റകള്‍ എങ്ങിനെ കൊടുക്കാതിരിക്കാം എന്ന് ഇവര്‍ തലപുകച്ചിരുന്നുവോ?

ചുരുക്കത്തില്‍ ഇന്നും ശാസ്ത്രത്തെ ചിലര്‍ ഹൈജാക്ക് ചെയ്യുന്നു. ഇന്ന് പണത്തിനും, പ്രശസ്തിക്കും, സ്വജനപക്ഷപാതത്തിനും വേണ്ടിയായിരിക്കുന്നു.

Thursday, September 24, 2009

ചന്ദ്രനില്‍ ജലത്തിന്റെ അടയാളം

ഇന്ത്യയുടെ ചന്ദ്രയാന്‍-1ല്‍ ഉണ്ടായിരുന്ന പേലോഡുകളില്‍ ഒന്നായ എം3 (മൂണ്‍ മിനെറോളജി മാപ്പ്) കണ്ടെത്തിയ വിവരങ്ങള്‍ നാസ ഇന്ന് പുറത്ത് വിട്ടു.

ചന്ദ്രനില്‍ ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും (ഒരു ഓക്സിജനും ഹൈഡ്രജനും ഒരുമിച്ച് ചേരുന്നതിനെയാണ് ഹൈഡ്രോക്സില്‍ [OH] എന്ന് പറയുന്നത്) സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു.

( Credits: ISRO/NASA/JPL-Caltech/USGS/Brown Univ.)
നീല നിറത്തിലുള്ള ഭാഗങ്ങളാണ് ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും സാന്നിദ്ധ്യം കാണിക്കുന്നത്.

ചന്ദ്രനെ ഇടത്താവളമാക്കുവാനുള്ള രാജ്യങ്ങളുടെ തയ്യാറെടുപ്പിനിടയില്‍ ഈ വിവരം കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. എന്നാല്‍ നിലവില്‍ ലഭ്യമായ ഡാറ്റ അനുസരിച്ച് ചന്ദ്രോപരിതലത്തിലെ ഒരു ടണ്‍ “മണ്ണെടുത്താല്‍” അതില്‍ 32 ഔണ്‍സ് വെള്ളമേ കിട്ടുകയുള്ളൂ അത്രേ. ഇത് ചുണ്ടി കാട്ടുന്നത് ഈ ജല കണങ്ങള്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വസ്തുക്കളില്‍ നിന്നുള്ളവയാണെന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

Tuesday, June 30, 2009

ക്യാന്‍സര്‍ മുങ്കൂട്ടി കണ്ടെത്താം!

ജൂണ്‍12ന്റെ സെല്‍ ജേര്‍ണലില്‍ പ്രസിദ്ധികരിച്ച പുതിയ കണ്ടെത്തലുകള്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പുതിയ വഴിതിരിവ് സൃഷ്ടിക്കുമോ?

"ഓട്ടോഫാജി” എന്നത് കോശങ്ങള്‍ അതിന്റെ ഉള്ളിലുള്ള വസ്തുക്കളെ സ്വയം നശിപ്പിക്കുന്ന പ്രക്രിയയെയാണ്. ഇതിനെ സഹായിക്കുന്നത് “ആത്മഹത്യ സഞ്ചി” എന്ന് പറയുന്ന ലൈസോസോമുകളാണ്.

കോശങ്ങള്‍ പ്രതികൂല സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കുവാനായി കോശത്തിനുള്ളിലെ നശിക്കപ്പെട്ട ഭാഗങ്ങളെ ഭക്ഷിച്ച് അതില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത് ഓട്ടോഫാജി എന്ന പ്രതിഭാസത്തിലൂടെയാണ്. അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഐലീന്‍ വൈറ്റിന്റെ മേല്‍നോട്ടത്തില്‍ അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനായ ഡോ. റോബിന്‍ മാത്യുവിന്റെയും കൂട്ടരുടെയും പുതിയ കണ്ടെത്തലുകള്‍ ശാസ്ത്ര വീക്ഷണം മറ്റൊരു ദിശയിലേയ്ക്ക് തിരിച്ചിരിക്കുന്നു.

കോശങ്ങളില്‍ ചിതറി കിടക്കുന്ന “പ്രവര്‍ത്തനക്ഷമമല്ലാത്ത” പ്രോട്ടീനുകളെ പി62 എന്ന പ്രോട്ടീന്‍ ശേഖരിക്കുന്നു. ചുരുക്കത്തില്‍ പി62 “ചവറ് പെറുക്കി”യാണ്. പി62ന് മൂന്ന് ഡൊമൈനുകള്‍ ഉണ്ട്. അതില്‍ ഒന്നാണ് “ചവറുകള്‍” പെറുക്കുന്നത്. രണ്ടാമത്തേത് ഇങ്ങനെ വരുന്ന പി62 പ്രോട്ടീനുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. അതായത് പി62കള്‍ കൂടി ചേര്‍ന്ന് ഒരു കൂട്ടമായി മാറൂന്നു. മൂന്നാമത്തെ ഡൊമൈന്‍ ഈ കൂട്ടങ്ങളെ ഒരു കുഴലിലൂടെ (ഓട്ടോഫാജിസോണ്‍) ലൈസോസോമില്‍ എത്തിക്കുന്നു. ഇതാണ് സാധാരണ നിലയില്‍ കോശങ്ങളില്‍ നടക്കുന്നത്.

എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ ഓട്ടോഫാജി നടക്കുന്നില്ല എങ്കില്‍ പി62 പ്രോട്ടീന്‍ കൂട്ടങ്ങള്‍ “ചവറുകളുമായി” കോശത്തില്‍ തന്നെ കിടക്കുന്നു. ഇത് കോശത്തെ മലിനമാക്കുകയും, ഡി.എന്‍.എ.യ്ക്ക് കേടുവരുത്തുകയും, ട്യൂമര്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ക്യാന്‍സര്‍ ബാധിച്ച സ്ഥലങ്ങളില്‍ പി62 പ്രോട്ടീനുകള്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് ഡോ. റോബിനും കൂട്ടരും കണ്ടെത്തിയത്. അതായത് ടിഷ്യുവില്‍ പി62 പ്രോട്ടീനുകള്‍ വര്‍ദ്ധിച്ചാല്‍ ക്യാന്‍സറിന് കാരണമാകും. ചുരുക്കത്തില്‍ പി62നെ ഒരു ബയോമാര്‍ക്കര്‍ ആയി കാണാം എന്നതാണ് ഇവരുടെ ഗവേഷണ ഫലം ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ഇപ്പോള്‍ തരംഗമാക്കിയിരിക്കുന്നത്.

ഇത് കൂടാതെ പി62നെ ലക്ഷ്യമാക്കിയുള്ള മരുന്നുകള്‍ വികസിപ്പിക്കാം എന്നുള്ളതും ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ കുതിപ്പിന് കാരണമാകും.

ചുരുങ്ങിയ കാലത്തിനുള്ളില്‍ ഭീകരനായ ക്യാന്‍സറിനെ മുങ്കൂട്ടി കണ്ടെത്തി തടയുവാന്‍ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

Thursday, June 4, 2009

ആഗോള താപനവാദത്തിന് തെറ്റ് പറ്റുന്നത് എന്ത് കൊണ്ട്

മെയ് 19ന് ഫുര്‍ഗോട്ട് എന്ന ശസ്ത്രജ്ഞന്‍ മരണമടഞ്ഞു. 1998ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാന ജേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം‍. രക്തകുഴലുകളെ ഉദ്ദീപിപ്പിക്കുന്നത് നൈട്രിക്ക് ഓക്സൈഡ് എന്ന വാതകമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ട് പിടുത്തം. 1980‍ വരെ ഈ വാതകം അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാണെന്നും ഇത് അന്തരീക്ഷത്തില്‍ വരുന്നത് ഫോസ്സില്‍ ഇന്ധനം കത്തിക്കുന്നതിലൂടെയാണെന്നും ശാസ്ത്ര ലോകം കണ്ട് പിടിച്ചിരുന്നു. അതിനാല്‍ തന്നെ അപകടകാരിയായതും ജീവജാലകങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായ ഈ വാതകം പുറത്ത് വിടുന്നത് നിയന്ത്രിക്കുവാനുള്ള തന്ത്രപാടിലായിരുന്നു ഗവണ്മെന്റുകള്‍. അപ്പോഴാണ് 1980ല്‍ 4 ശാസ്ത്രജ്ഞര്‍ നൈട്രിക്ക് ഓക്സൈഡ് മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അത് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണെന്നും പറയുന്നത്. ഇന്ന് ഈ വാതകം ഉള്ളത് കൊണ്ടാണ് സാധാരണ സമയത്തിനും ആഴ്ചകള്‍ക്ക് മുന്‍പേ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും ജീവിതത്തിലേയ്ക്ക് പിടിച്ച് കയറുന്നത്! അപകടകാരിയെന്ന് പറഞ്ഞിരുന്ന ഈ വാതകം ഉദ്ദാരണത്തില്‍ തുടങ്ങി, ബീജവും അണ്ഡവും സംയോജിക്കുന്നതിലും, ശ്വസനത്തിലും, ന്യൂറോണുകളില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിലും, ഒട്ടുമിക്ക ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, ഒടുവില്‍ മരണത്തിന് വരെ കാരണക്കാരനാകുന്നു. അതും എല്ലാ ജീവജാലങ്ങളിലും. അങ്ങിനെ വില്ലനായിരുന്ന ഹരിത വാതകമായ നൈട്രിക്ക് ഓക്സൈഡ് 1980കള്‍ക്ക് ശേഷം നായകനായി മാറുന്നതാണ് കണ്ടത്.

ഇത് ഇവിടെ പറഞ്ഞ് തുടങ്ങിയത് ശാസ്ത്ര ലോകം എഴുതി തള്ളിയ നൈട്രിക്ക് ഓക്സൈഡ് എന്ന വാതകം ഒടുവില്‍ ജീവജാലങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത വാതകമായി മാറിയത് ചൂണ്ടി കാണിക്കുവാനാണ്. ഇത് പോലെ തന്നെ ഇന്ന് അപമാനമേറുന്ന മറ്റൊരു വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ഇതും നൈട്രിക്ക് ഓക്സൈഡിനെ പോലെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയെന്നതാണ് രസകരം.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അഭിനവ ഭീകരനെന്ന പേരില്‍ എല്ലാവര്‍ക്കും പരിചയമുള്ളതാണ്. ആഗോള താപനത്തിന് കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അന്തരീക്ഷത്തില്‍ കൂടുന്നത് കൊണ്ടണെന്നും ഈ വാതകം കൂടുവാന്‍ കാരണം മനുഷ്യര്‍ ഫോസില്‍ സാധനങ്ങള്‍ (കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ) കത്തിക്കുന്നത് കൊണ്ടാണെന്നും അതിനാല്‍ ആഗോള താപനത്തിന് കാരണം മനുഷ്യരാണെന്നുമാണ് വാദം. കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കുവാന്‍ പ്രയ്ത്നിക്കുന്ന മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയ അല്‍ഗോറിന് ഇതിന്റെ പേരില്‍ ഈയിടെ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.

എന്നാല്‍ അല്‍ഗോറിന്റെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ പല ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. പല വമ്പന്‍ രാജ്യങ്ങളും കാര്‍ബണ്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് ഉള്ളപ്പോള്‍ എന്ത് കൊണ്ടാണ് ചില ശാസ്ത്രജ്ഞര്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്? ഇത് മനസ്സിലാക്കണമെങ്കില്‍ ആഗോള താപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം എങ്ങിനെ കടന്ന് വന്നു എന്ന് അറിയേണ്ടിയിരിക്കുന്നു.

ഹരിത വാതകം
മുന്നോട്ട് പോകുന്നതിന് മുന്‍പ് ഹരിത വാതകം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കാം. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യ രശ്മികളില്‍ ഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളവ‍ തട്ടി തിരിച്ച് പുറത്തേയ്ക്ക് പോകും. എന്നാല്‍ ഭൂമി പ്രതിഫലിപ്പിക്കുന്ന രശ്മികളില്‍ ഭൂരുഭാഗവും അന്തരീക്ഷം തിരിച്ച് ഭൂമിയിലേയ്ക്ക് അഴയ്ക്കുന്നതിനാല്‍ ഭൂമിയുടെ താപ നില താഴാതെ സൂക്ഷിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതിന് സഹായിക്കുന്നത് ചില വാതകങ്ങളാണ് ഇവയെ ഹരിത വാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേയ്ന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയാണ് ഈ വാതകങ്ങള്‍. ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ നീരാവിയാണ്, നീരാവിയുണ്ടാക്കുവാന്‍ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് സൂര്യനും ആണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.038%ത്തിനടുത്ത് മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഹരിത വാതകമില്ലെങ്കില്‍ ഭൂമിയുടെ താപനില വളരെ താഴ്ന്ന നിലയിലാകുമായിരുന്നു. കാര്‍മേഘങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റം വരുന്നത് നാം അനുഭവിക്കാറുള്ളതാണ്.

“ആഗോള താപന” ചരിത്രം
ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ. അതിന് മുന്‍പ് ശാസ്ത്ര ലോകവും, ലോക നേതാക്കളും ഭൂമി അതി ശൈത്യത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് പറഞ്ഞിരുന്നത്. 1970കളില്‍ ലോകം മുഴുവന്‍ ഭീതിയാലായിരുന്നു. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതി ശൈത്യം വരുമെന്നും ഭൂമി പഴയ അതി ശൈത്യ യുഗത്തിലേയ്ക്ക് തിരിച്ച് പോകുമെന്നും ശാസ്ത്രജ്ഞര്‍ തെളിവുകളോടെ രംഗത്തെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും, ഏറോസോളിന്റെയും വര്‍ദ്ധനവാണ് അതി ശൈത്യത്തിന് കാരണമാവുക എന്നായിരുന്നു അന്നത്തെ വാദം. ഏറോസോളിന് കാരണം സള്‍ഫര്‍ ഡൈ ഓക്സൈഡുകളും, നൈട്രജന്‍ ഓക്സൈഡുകളും, പൊടിപടലങ്ങളും ആണെന്നും ഇവ ഭൂമിയില്‍ കൂടുവാന്‍ കാരണം മനുഷ്യരുടെ വ്യാവസായിക വിപ്ലവമാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 1975ല്‍ Broecker എന്ന ശാസ്ത്രജ്ഞന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലം ഭൂമി ചൂടാകുവാന്‍ പോകുന്നു എന്ന് വിളിച്ച് പറഞ്ഞു. ആഗോള താപനം എന്ന വാക്കും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ അന്ന് ഭൂരിപക്ഷവും അദ്ദേഹത്തെ പുച്ഛിച്ച് തള്ളി. എന്നാല്‍ 1976 ഓടെ താപനില ഉയരുവാന്‍ തുടങ്ങി. 30 കൊല്ലത്തോളം ഉണ്ടായികൊണ്ടിരുന്ന താഴ്ചയില്‍ നിന്ന് താപനില പതുക്കെ ഉയരുവാന്‍ തുടങ്ങി.

1880 മുതല്‍ 1970 വരെയുള്ള താപനില നോക്കുക. ഒറ്റ നോട്ടത്തില്‍ 1970ന് ശേഷം താപനില താഴേയ്ക്ക് പോകുമെന്നേ പറയുവാന്‍ കഴിയൂ. എന്നാല്‍ 1850 മുതല്‍ 2008 വരെയുള്ള ഗ്രാഫ് നോക്കുക. അന്ന് കണ്ട താഴ്ച അത്ര ഭീകരമായിരുന്നില്ല എന്ന് ഇന്ന് കാണുവാന്‍ കഴിയും. ഇവിടെയും നോക്കുക. 2000ത്തിന് ശേഷം ചൂട് കൂടുകയല്ല കുറയുകയാണ് ചെയ്തത്!

രണ്ടാമത്തെ ഗ്രാഫ് വിശദമായി നോക്കിയാല്‍ 1860 മുതല്‍ 1880 വരെ ചൂട് കൂടി വരുന്നു എന്നാല്‍ 1880 മുതല്‍ 1910 വരെ ചൂട് കുറയുന്നു. വീണ്ടും 1910 മുതല്‍ 1940 വരെ താപ നില കൂടുന്നു. 1940ല്‍ അത് താഴേയ്ക്ക് പോകുന്നു. 1970 കളില്‍ വീണ്ടും അത് മുകളിലേയ്ക്ക്. 2000ത്തിനടുത്ത് അത് വീണ്ടും താഴേയ്ക്ക് പോകുന്നു. ചുരുക്കത്തില്‍ 20-30 കൊല്ലത്തെ ഇടവേളയില്‍ താപനില ക്രമമായി ഒന്നിടവിട്ട് ഉയരുകയും താഴുകയും ചെയ്യുന്നതായി കാണാം.

എന്ത് കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടിരിക്കുമ്പോള്‍ 1940നും 1975നും ഇടയിലുള്ള കാലയളവിലും 2000ത്തിന് ശേഷവും താപനികുറഞ്ഞു/യുന്നു? ഇതിനെയൊക്കെ കുറിച്ച് വഴിയേ നോക്കാം.

തിരിച്ച് 1970-1980കളിലേയ്ക്ക് വരാം. ഇതേ കാലഘട്ടത്തിലാണ് ബ്രിട്ടണില്‍ കാര്‍ബണിക ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മാര്‍ഗററ്റ് താച്ചര്‍ രംഗത്തെത്തുന്നത്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് പ്രചരണം ലഭിക്കുന്നതും താച്ചറിന്റെ സഹായത്താലാണ്. പിന്നീട് എന്‍.ജി.ഒ.കള്‍ക്കും അമേരിക്കയ്ക്കും ഒപ്പം യൂറോപ്പില്‍ അന്ന് തകര്‍ന്ന് കൊണ്ടിരുന്ന കമ്മ്യൂണിസത്തിന് ജനസമ്മതമായ പുതിയൊരു മുഖം കിട്ടുവാന്‍ ആഗോള താപനമെന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അതോടെ ആഗോള താപനം എന്നത് രാഷ്ട്രീയ-സാമ്പത്തിക നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനത്തിന് നിയന്ത്രണം വരുത്തുവാന്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറി. കൂടാതെ വികസ്വര രാജ്യങ്ങളെ തളര്‍ത്തിയിടുവാനും ഇത് നല്ല ഒരു ആയുധമായി അവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഇടതട്ടുകാര്‍ക്ക് പോലും താങ്ങുവാന്‍ കഴിയാത്ത ആള്‍ട്രനേറ്റീവ് എനര്‍ജി ദരിദ്ര രാഷ്ട്രങ്ങളെ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നടമാടുന്നത്!

1998ല്‍ മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ഭാവിയിലെ ആഗോള താപനത്തിന്റെ ഭീകരതയെ ചൂണ്ടികാണിക്കുന്നു എന്ന് പറഞ്ഞ് അല്‍ ഗോര്‍ ഉള്‍‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ “ഹോക്കി സ്റ്റിക്ക് ഗ്രാഫ്” എന്ന പേരില്‍ അറിയപ്പെടുന്ന ഇത് തെറ്റിദ്ധാരണ ജനകമാണെന്ന് ശാസ്ത്ര ലോകം മുറവിളി കൂട്ടി. ഒടുവില്‍ ഇതിന് ആധികാരികതയില്ല എന്ന് വിധിയും വന്നു.

1998ന് ശേഷം ഭൂമിയിലെ ചൂടിന് എന്ത് സംഭവിച്ചു എന്ന് നോക്കിയാല്‍ ആഗോള താപനമെന്ന് മുറവിളി കൂട്ടുന്നവരുടെ പൊള്ളത്തരം വെളിയില്‍ വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടികൊണ്ടിരിക്കുമ്പോഴും1999 മുതല്‍ 2008 വരെയുള്ള ചൂട് കുറഞ്ഞാണ് കണ്ടത്! 2009ല്‍ 2008നേക്കാള്‍ “തണുപ്പായിരിക്കും” എന്ന് പറയുമ്പോള്‍ ആഗോള താപനമെന്നും, മനുഷ്യനിര്‍മ്മിതമെന്നും വാദിക്കുന്നവര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന് നോക്കേണ്ടിയിരിക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഥവാ മനുഷ്യരാണ് താപനില കൂട്ടുന്നത് എന്ന് വാദിക്കുന്നവര്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളിലേയ്ക്ക് കടക്കാം.


സൂര്യന്റെ സ്വാധീനം
സൂര്യന് ഭൂമിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ? കഴിയും എന്ന് നാം പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ എന്ത് കൊണ്ട് സൂര്യനിലെ മാറ്റം ഭൂമിയെ സ്വാധീനിക്കുന്നില്ല എന്ന് കാര്‍ബണ്‍ വിരുദ്ധവാദികള്‍ പറയുന്നു! സൂര്യനിലെ സണ്‍ സ്പോട്ട് ഭൂമിയിലെ താപനിലയെ നിയന്ത്രിക്കുന്നു എന്ന് 1800കളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സൂണ്‍ എന്ന ശസ്ത്രജ്ഞനെ പോലെയുള്ളവര്‍ ഇത് തെളിവ് സഹിതം പറഞ്ഞ് തരുന്നു. ഭൌമ താപനിലയ്ക്ക് സോളാര്‍ ഇറേഡിയന്‍സുമായുള്ള ചേര്‍ച്ച പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ച്ചയില്ല എന്നത് തന്നെ സൂര്യന്റെ സ്വാധീനം വെളിവാകുന്നു. 2008ല്‍ ഭൂമി തണുത്തു എന്നും ഇതിന് കാരണം സൂര്യനിലെ സണ്‍ സ്പോട്ട് കുറഞ്ഞതാണെന്നും സൂണ്‍ പറയുന്നു. സൂര്യന്റെ ഉള്ളില്‍ പ്രക്ഷുബ്ധത നിറഞ്ഞതും ശാന്തമായതുമായ കാലഘട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇത് ഏകദേശം 11 കൊല്ലം കൂടുമ്പോള്‍ മാറി വരുമെന്നും നമുക്ക് അറിവുള്ളതാണ്. ഇപ്പോള്‍ സൂര്യന്‍ ശാന്തനാണ്. അതിനാല്‍ സണ്‍ സ്പോട്ടുകള്‍ കുറവാണ്. അപ്പോള്‍ താപനില കുറയുന്നു, എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടേയിരിക്കുന്നു. അതായത് ആഗോള താപനവാദികളുടെ വാദം പിഴയ്ക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനിലയും തമ്മിലുള്ള ബന്ധം
ഹോക്കി സ്റ്റിക്ക് ഗ്രാഫിനോടൊപ്പം അല്‍ ഗോര്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് വോസ്ടോക്ക് നദിയില്‍ നിന്ന് കുഴിച്ചെടുത്ത മഞ്ഞില്‍ നിന്ന് ലഭിച്ച ചൂടിനെ കുറിച്ചുള്ള ഗ്രാഫ്. അതും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രാഫും ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന് പോകുന്നു എന്നായിരുന്നു വാദം. അതിനാല്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് കൂടുന്നതിനാല്‍ സ്വാഭാവികമായും താപനില ഉയരും എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ ഗ്രാഫുകള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവ തമ്മില്‍ ചെറിയ വ്യത്യാസം കാണാം എന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവയുടെ സംഖ്യാ വിലകള്‍ തമ്മില്‍ ഒരു 200-400 കൊല്ലത്തെ വ്യത്യാസമുണ്ട്. എന്ന് പറഞ്ഞാല്‍ താപനില കൂടി 200-400 വര്‍ഷം കഴിഞ്ഞാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധിക്കുന്നത്. അതായത് ഇപ്പോള്‍ നാം കാണുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു 200 കൊല്ലം പഴക്കമുള്ള ചൂട് കൂടിയത് കൊണ്ട് ഉണ്ടായതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത് മരങ്ങള്‍ മാത്രമല്ല വിശാലമായ സമുദ്രവും ഇതിനെ ആഗിരണം ചെയ്യുന്നു. കടലില്‍ അലിഞ്ഞ് ചേരുന്ന ഈ വാതകം താപ നില വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് പതുക്കെ പുറം തള്ളപ്പെടുന്നു. ഇന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നത് ഭൂമി ചൂട് പിടിക്കുകയും കടലിനടിയിലെ ഒഴുക്കിന്റെ ഫലമായി അടിയിലെ താപ നില വര്‍ദ്ധിക്കുകയും അങ്ങിനെ കടലില്‍ അലിഞ്ഞു ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേയ്ക്ക് വരുകയും ചെയ്യുന്നു എന്നാണ്. കടലിനടിയിലെ താപനില കൂടുന്നതും (അന്തരീക്ഷ താപനിലയല്ല) അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

നീരാവിയുടെ പങ്ക്
ഇനി ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ വരുന്നത് നീരാവിയാണ്. ഇവയ്ക്ക് പ്രാധാന്യമില്ല എന്നതരത്തിലാണ് ഇന്ന് ലോകം നീങ്ങുന്നത്. എന്നാല്‍ ഇവരെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് മേഘത്തെ ഒഴിവാക്കിയുള്ള കമ്പ്യൂട്ടര്‍ മോഡലുകളാണ് ഈ പ്രശ്നങ്ങല്‍ക്കൊല്ലാം കാരണം എന്നാണ്. നീരാവിയുടെ ഉറവിടവും, അത് അന്തരീക്ഷത്തെ ചൂടാക്കുമോ അതോ തണുപ്പിക്കുമോ എന്ന് നിശ്ചയമില്ലാത്തതുമാണ് ഭാവിയിലെ താപനിലയെ പറ്റി പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പല തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്നതാണ് സാറ്റലൈറ്റ് ഡാറ്റകള്‍. ബലൂണ്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് ഡാറ്റകളെ ശരി വെയ്ക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന സാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് 1993ല്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഭൌമ താപനില കുറഞ്ഞു എന്നും 1998ല്‍ എല്‍ നിനോ പ്രതിഭാസത്താല്‍ താപനില കൂടി എന്നും കാണാം. അതായത് അഗ്നി പര്‍വ്വതങ്ങള്‍ ഭൌമതാപനിലയെ സാരമായി ബാധിക്കുന്നുണ്ട് എന്നതല്ലേ!


മറ്റ് വാദങ്ങള്‍
മറ്റൊരു വാദം മഞ്ഞുമലകള്‍ ഉരുകുന്നു എന്നാണ്. ഇവര്‍ "ലിറ്റില്‍ ഐസ് ഏജിനെ” മറന്ന് പോകുന്നു. അന്ന് മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ഇന്ന് തിരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചേരുന്നു. മഞ്ഞ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി പ്രക്രീയയാണ്. ഇവിടെയും ഒരു നിശ്ചിത ഇടവേള നമുക്ക് കാണുവാനാകും. 2007-2008ലെ മഞ്ഞ് കാലം അതിന് മുന്‍പുള്ളവയേക്കാള്‍ തണുത്തതായിരുന്നു.

ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു, ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നു ഇത് സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പണ്ട് (“മിഡീവിയല്‍ വാം പിരിയഡില്‍”) ആളുകള്‍ താമസിച്ചിരുന്നു എന്നും കൃഷി ചെയ്തിരുന്നു എന്നും അതിന് ശേഷം “ലിറ്റില്‍ ഐസ് ഏജില്‍” ആണ് ഇന്ന് കാണുന്നത് പോലെ മഞ്ഞ് മൂടപ്പെട്ടതെന്നും അറിവുള്ളതാണ്. കൂടാതെ ഇപ്പോള്‍ ആര്‍ട്ടിക്കില്‍ ചൂട് കൂടുമ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ മഞ്ഞ് കൂടുതലായി അടിഞ്ഞ് കൂടുന്നു എന്നതിനെ പറ്റി ഇവര്‍ പറയുന്നില്ല. ഇനി പഴയ കാല ചരിത്രം നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്!

സമുദ്രത്തിന്റെ അടിയൊഴുക്കുകളും, സമുദ്രത്തിലെ താപനിലയും അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നുണ്ട്.

സാറ്റലൈറ്റ് ഡാറ്റയില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് നാം കണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് താപനില വര്‍ദ്ധിച്ചതിന് പ്രകൃതിദത്തമായ കാരണങ്ങളാണെന്ന് ആഗോള താപന വാദികള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഇന്ന് അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യാതമകത കണ്ടില്ലെന്ന് നടിക്കുവാനാകുമോ?

ഇവ കൂടാതെ എല്ലാവരും മറക്കുന്ന മറ്റൊരു കാരണം കൂടി ഇവിടെ കുറിക്കുന്നു. ഭൂമിയുടെ ധ്രുവങ്ങളില്‍ വരുന്ന മാറ്റം. നോര്‍ത്ത് മാഗ്നറ്റിക്ക് ധ്രുവത്തെ കുറിച്ച് കാനഡ പഠനം നടത്തുണ്ട്. 2001 വരെയുള്ള ഡാറ്റകളനുസരിച്ച് നോര്‍ത്ത് ധ്രുവത്തിന്റെ സ്ഥാനം അതി വേഗത്തില്‍ മാറി കൊണ്ടിരിക്കുന്നു എന്നാണ്, ഒരു വര്‍ഷത്തില്‍ 40കി.മി. വേഗതയില്‍! 2050ല്‍ നോര്‍ത്ത് പോള്‍ സൈബീരിയയില്‍ എത്തുമെന്നാണ് കരുതുന്നത്! കൂടാതെ ദക്ഷിണ ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയുന്നത് സാധാരണ സംഭവിക്കുന്നതാണ്. മുന്‍പ് സംഭവിച്ചിട്ടുണ്ട്. പക്ഷേ പതിനാരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടേ ഇത് സംഭവിക്കാറുള്ളൂ. അടുത്ത ധ്രുവ മാറ്റത്തിനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണ് ശസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഏത് സമയവും ഭൂമിയുടെ ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയാം. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്താകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ടാകാം. അങ്ങിനെയെങ്കില്‍ ഒരു പക്ഷേ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാം. ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചത് ധ്രുവങ്ങളില്‍‍ മാറ്റം വരുന്നുണ്ടെന്ന് നാസയും മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു അപ്പോള്‍ എന്ത് കൊണ്ട് ഭൂമിയിലെ താപനിലയിലെ വ്യതിയാനത്തിന് പ്രത്യേകിച്ച് ആര്‍ട്ടിക്കിലെയും, ഗ്രീന്‍ലാന്റിലെയും മഞ്ഞുരുകുന്നതില്‍ ഈ ധ്രുവ മാറ്റം കാരണമാകുന്നില്ല എന്നതാണ്.

ചുരുക്കത്തില്‍:
  • 1940 മുതല്‍ 1975 വരെ ഭൌമ താപനില കുറഞ്ഞാണിരുന്നത് എന്നാല്‍ ആ കാലഘട്ടത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയായിരുന്നു.
  • കാലാവസ്ഥ മോഡലുകള്‍ പ്രകാരം ഇപ്പോള്‍ ഭൌമതാപനില കൂടേണ്ടതാണ് എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താപനില കുറയുകയാണ്.
  • ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു എങ്കിലും അന്റാര്‍ട്ടിക്കില്‍ മഞ്ഞിന്റെ അടിഞ്ഞ് കൂടല്‍ വര്‍ദ്ധിക്കുന്നു.
  • സൂര്യനില്‍ ഇപ്പോള്‍ സണ്‍ സ്പോട്ട് ഇല്ല അല്ലെങ്കില്‍ കുറവാണ് അതിനാല്‍ തന്നെ ഭൌമ താപനിലയും കുറഞ്ഞിരിക്കുന്നു
  • ഭൌമ താപനില വര്‍ദ്ധിച്ചതിന് ശേഷമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചത്. അതായത് ചൂട് വര്‍ദ്ധിച്ചതിനാല്‍ കടലില്‍ അലിഞ്ഞ് ചേര്‍ന്ന വാതകം പുറത്തേയ്ക്ക് വരുന്നു.
  • മേഘങ്ങളും, ഏറോ സോളുകളും ഭൌമ താപനില കുറയ്ക്കുവാന്‍ കാരണമാകും എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇവയെ നിസ്സാരമായി കാണുന്നു.
  • താപനില വര്‍ദ്ധിക്കുമെന്ന് പറയുന്ന കമ്പ്യൂട്ടര്‍ മോഡലുകളുടെ പ്രവചനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് തന്നെ ഇവയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല.
  • കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അത് വഴി കൃഷി വര്‍ദ്ധിക്കും.
  • 1971ല്‍ നാഷണല്‍ അക്കാഡമിക്ക് സയന്‍സ് പറഞ്ഞത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്നാണ്. ഇന്ന് ഐ.പി.സി.സി. പറയുന്നത് 2100 ഓടെ ചൂട് രണ്ട് ഡിഗ്രി സെത്ഷ്യസ് ആയി വര്‍ദ്ധിക്കുമെന്നാണ്.
  • വില കൂടിയ ആള്‍ട്ടര്‍നേറ്റീവ് ഊര്‍ജ്ജത്തിന്റെ ഉപയോഗം സാധാരണക്കാര്‍ക്ക്/രാജ്യങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത ഒന്നാണ്.
അതായത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് താപനില ഉയരുവാന്‍ കാരണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്ന് തന്നെ കാണാം. അതിന് അവര്‍ ഉപയോഗിച്ച പല ശാസ്ത്രീയ തെളിവുകളും തെറ്റെന്ന് തെളിഞ്ഞതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. 1970കളില്‍ താപനില ഉയരുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞര്‍ തന്നെ ഇന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമാണ് പ്രധാന വില്ലന്‍ എന്ന വാദത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടിയാല്‍ സസ്യജാലങ്ങള്‍ക്ക് നല്ലതാണെന്ന കണ്ട് പിടുത്തം ചൂണ്ടി കാണിച്ച് ചിരിച്ച് തള്ളുന്നു. തണുത്ത കാലാവസ്ഥയേക്കാള്‍ ചൂട് കാലാവസ്ഥയല്ലേ നല്ലതെന്ന് അവര്‍ തിരിച്ച് ചോദിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉയരുമ്പോള്‍ താപനിലയും ഉയരുമെന്ന വാദത്തിന് പ്രഹരമേല്‍പ്പിച്ച് കൊണ്ട് ഇപ്പോള്‍ താപനില കുറയുകയാണ് ചെയ്യുന്നത്. ഇതിന് മറുപടിയില്ലാത്തതിനാല്‍ ഇപ്പോള്‍ കടലിലെ വെള്ളം ഉയരുമെന്ന് പറഞ്ഞാണ് പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നത്. ഇനി ഒരു പക്ഷേ ഏതെങ്കിലും ശസ്ത്രജ്ഞന്‍ 1980കളിലെ പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം എന്ന് പറഞ്ഞ് രംഗത്ത് വരുകയാണെങ്കില്‍ ഈ വാദികള്‍ മറ്റൊരു വാതകത്തിന് പുറകെ പോകുമായിരിക്കും. അത് കണ്ടും തുടങ്ങിയിട്ടുണ്ട്. ഹരിത വാതകമായ മീതൈന്‍ വാതകം ഇന്ത്യ കൂടുതല്‍ പുറപ്പെടുവിക്കുന്നു. ഇന്ത്യയിലെ പശുക്കളാണത്രേ കാരണക്കാര്‍!!!!!! കാര്‍ബണ്‍ ഡൈ ഓക്സൈഡ് പാര്‍ട്ട്സ് പെര്‍ മില്ല്യണിലാണെങ്കില്‍ മീതൈന്‍ പാര്‍ട്ട്സ് പെര്‍ ബില്ല്യണിലാണ്...... പുതിയ വിവാദങ്ങളിലേയ്ക്ക്.....