Thursday, June 4, 2009

ആഗോള താപനവാദത്തിന് തെറ്റ് പറ്റുന്നത് എന്ത് കൊണ്ട്

മെയ് 19ന് ഫുര്‍ഗോട്ട് എന്ന ശസ്ത്രജ്ഞന്‍ മരണമടഞ്ഞു. 1998ലെ വൈദ്യശാസ്ത്ര നോബല്‍ സമ്മാന ജേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം‍. രക്തകുഴലുകളെ ഉദ്ദീപിപ്പിക്കുന്നത് നൈട്രിക്ക് ഓക്സൈഡ് എന്ന വാതകമാണെന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ട് പിടുത്തം. 1980‍ വരെ ഈ വാതകം അന്തരീക്ഷ മലിനീകരണത്തിന് ഹേതുവാണെന്നും ഇത് അന്തരീക്ഷത്തില്‍ വരുന്നത് ഫോസ്സില്‍ ഇന്ധനം കത്തിക്കുന്നതിലൂടെയാണെന്നും ശാസ്ത്ര ലോകം കണ്ട് പിടിച്ചിരുന്നു. അതിനാല്‍ തന്നെ അപകടകാരിയായതും ജീവജാലകങ്ങള്‍ക്ക് ആവശ്യമില്ലാത്തതുമായ ഈ വാതകം പുറത്ത് വിടുന്നത് നിയന്ത്രിക്കുവാനുള്ള തന്ത്രപാടിലായിരുന്നു ഗവണ്മെന്റുകള്‍. അപ്പോഴാണ് 1980ല്‍ 4 ശാസ്ത്രജ്ഞര്‍ നൈട്രിക്ക് ഓക്സൈഡ് മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും അത് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണെന്നും പറയുന്നത്. ഇന്ന് ഈ വാതകം ഉള്ളത് കൊണ്ടാണ് സാധാരണ സമയത്തിനും ആഴ്ചകള്‍ക്ക് മുന്‍പേ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷവും ജീവിതത്തിലേയ്ക്ക് പിടിച്ച് കയറുന്നത്! അപകടകാരിയെന്ന് പറഞ്ഞിരുന്ന ഈ വാതകം ഉദ്ദാരണത്തില്‍ തുടങ്ങി, ബീജവും അണ്ഡവും സംയോജിക്കുന്നതിലും, ശ്വസനത്തിലും, ന്യൂറോണുകളില്‍ സന്ദേശങ്ങള്‍ കൈമാറുന്നതിലും, ഒട്ടുമിക്ക ജീവല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, ഒടുവില്‍ മരണത്തിന് വരെ കാരണക്കാരനാകുന്നു. അതും എല്ലാ ജീവജാലങ്ങളിലും. അങ്ങിനെ വില്ലനായിരുന്ന ഹരിത വാതകമായ നൈട്രിക്ക് ഓക്സൈഡ് 1980കള്‍ക്ക് ശേഷം നായകനായി മാറുന്നതാണ് കണ്ടത്.

ഇത് ഇവിടെ പറഞ്ഞ് തുടങ്ങിയത് ശാസ്ത്ര ലോകം എഴുതി തള്ളിയ നൈട്രിക്ക് ഓക്സൈഡ് എന്ന വാതകം ഒടുവില്‍ ജീവജാലങ്ങള്‍ക്ക് ഒഴിച്ച് കൂടാനാവാത്ത വാതകമായി മാറിയത് ചൂണ്ടി കാണിക്കുവാനാണ്. ഇത് പോലെ തന്നെ ഇന്ന് അപമാനമേറുന്ന മറ്റൊരു വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ഇതും നൈട്രിക്ക് ഓക്സൈഡിനെ പോലെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയെന്നതാണ് രസകരം.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അഭിനവ ഭീകരനെന്ന പേരില്‍ എല്ലാവര്‍ക്കും പരിചയമുള്ളതാണ്. ആഗോള താപനത്തിന് കാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം അന്തരീക്ഷത്തില്‍ കൂടുന്നത് കൊണ്ടണെന്നും ഈ വാതകം കൂടുവാന്‍ കാരണം മനുഷ്യര്‍ ഫോസില്‍ സാധനങ്ങള്‍ (കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ) കത്തിക്കുന്നത് കൊണ്ടാണെന്നും അതിനാല്‍ ആഗോള താപനത്തിന് കാരണം മനുഷ്യരാണെന്നുമാണ് വാദം. കാര്‍ബണിന്റെ ഉപയോഗം കുറയ്ക്കുവാന്‍ പ്രയ്ത്നിക്കുന്ന മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയ അല്‍ഗോറിന് ഇതിന്റെ പേരില്‍ ഈയിടെ നോബല്‍ സമ്മാനവും ലഭിക്കുകയുണ്ടായി.

എന്നാല്‍ അല്‍ഗോറിന്റെ പ്രസ്താവന വസ്തുത വിരുദ്ധമാണെന്ന് പറഞ്ഞ പല ശാസ്ത്രജ്ഞരും രംഗത്തെത്തിയിരുന്നു. പല വമ്പന്‍ രാജ്യങ്ങളും കാര്‍ബണ്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് ഉള്ളപ്പോള്‍ എന്ത് കൊണ്ടാണ് ചില ശാസ്ത്രജ്ഞര്‍ അതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്? ഇത് മനസ്സിലാക്കണമെങ്കില്‍ ആഗോള താപനത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്ന വാതകം എങ്ങിനെ കടന്ന് വന്നു എന്ന് അറിയേണ്ടിയിരിക്കുന്നു.

ഹരിത വാതകം
മുന്നോട്ട് പോകുന്നതിന് മുന്‍പ് ഹരിത വാതകം എന്തെന്ന് ഒന്ന് അറിഞ്ഞിരിക്കാം. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യ രശ്മികളില്‍ ഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളവ‍ തട്ടി തിരിച്ച് പുറത്തേയ്ക്ക് പോകും. എന്നാല്‍ ഭൂമി പ്രതിഫലിപ്പിക്കുന്ന രശ്മികളില്‍ ഭൂരുഭാഗവും അന്തരീക്ഷം തിരിച്ച് ഭൂമിയിലേയ്ക്ക് അഴയ്ക്കുന്നതിനാല്‍ ഭൂമിയുടെ താപ നില താഴാതെ സൂക്ഷിക്കുന്നു. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇതിന് സഹായിക്കുന്നത് ചില വാതകങ്ങളാണ് ഇവയെ ഹരിത വാതകങ്ങള്‍ എന്നാണ് വിളിക്കുന്നത്. നീരാവി, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതേയ്ന്‍, നൈട്രജന്‍ ഓക്സൈഡുകള്‍, ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍, ഓസോണ്‍ എന്നിവയാണ് ഈ വാതകങ്ങള്‍. ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ നീരാവിയാണ്, നീരാവിയുണ്ടാക്കുവാന്‍ സഹായിക്കുന്നതില്‍ മുഖ്യ പങ്ക് സൂര്യനും ആണ്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.038%ത്തിനടുത്ത് മാത്രമേയുള്ളൂ. ചുരുക്കത്തില്‍ ഹരിത വാതകമില്ലെങ്കില്‍ ഭൂമിയുടെ താപനില വളരെ താഴ്ന്ന നിലയിലാകുമായിരുന്നു. കാര്‍മേഘങ്ങള്‍ക്കനുസരിച്ച് താപനിലയില്‍ മാറ്റം വരുന്നത് നാം അനുഭവിക്കാറുള്ളതാണ്.

“ആഗോള താപന” ചരിത്രം
ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ. അതിന് മുന്‍പ് ശാസ്ത്ര ലോകവും, ലോക നേതാക്കളും ഭൂമി അതി ശൈത്യത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് പറഞ്ഞിരുന്നത്. 1970കളില്‍ ലോകം മുഴുവന്‍ ഭീതിയാലായിരുന്നു. അടുത്ത 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ അതി ശൈത്യം വരുമെന്നും ഭൂമി പഴയ അതി ശൈത്യ യുഗത്തിലേയ്ക്ക് തിരിച്ച് പോകുമെന്നും ശാസ്ത്രജ്ഞര്‍ തെളിവുകളോടെ രംഗത്തെത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും, ഏറോസോളിന്റെയും വര്‍ദ്ധനവാണ് അതി ശൈത്യത്തിന് കാരണമാവുക എന്നായിരുന്നു അന്നത്തെ വാദം. ഏറോസോളിന് കാരണം സള്‍ഫര്‍ ഡൈ ഓക്സൈഡുകളും, നൈട്രജന്‍ ഓക്സൈഡുകളും, പൊടിപടലങ്ങളും ആണെന്നും ഇവ ഭൂമിയില്‍ കൂടുവാന്‍ കാരണം മനുഷ്യരുടെ വ്യാവസായിക വിപ്ലവമാണെന്നും വിലയിരുത്തിയിരുന്നു. എന്നാല്‍ 1975ല്‍ Broecker എന്ന ശാസ്ത്രജ്ഞന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലം ഭൂമി ചൂടാകുവാന്‍ പോകുന്നു എന്ന് വിളിച്ച് പറഞ്ഞു. ആഗോള താപനം എന്ന വാക്കും അദ്ദേഹം മുന്നോട്ട് വെച്ചു. എന്നാല്‍ അന്ന് ഭൂരിപക്ഷവും അദ്ദേഹത്തെ പുച്ഛിച്ച് തള്ളി. എന്നാല്‍ 1976 ഓടെ താപനില ഉയരുവാന്‍ തുടങ്ങി. 30 കൊല്ലത്തോളം ഉണ്ടായികൊണ്ടിരുന്ന താഴ്ചയില്‍ നിന്ന് താപനില പതുക്കെ ഉയരുവാന്‍ തുടങ്ങി.

1880 മുതല്‍ 1970 വരെയുള്ള താപനില നോക്കുക. ഒറ്റ നോട്ടത്തില്‍ 1970ന് ശേഷം താപനില താഴേയ്ക്ക് പോകുമെന്നേ പറയുവാന്‍ കഴിയൂ. എന്നാല്‍ 1850 മുതല്‍ 2008 വരെയുള്ള ഗ്രാഫ് നോക്കുക. അന്ന് കണ്ട താഴ്ച അത്ര ഭീകരമായിരുന്നില്ല എന്ന് ഇന്ന് കാണുവാന്‍ കഴിയും. ഇവിടെയും നോക്കുക. 2000ത്തിന് ശേഷം ചൂട് കൂടുകയല്ല കുറയുകയാണ് ചെയ്തത്!

രണ്ടാമത്തെ ഗ്രാഫ് വിശദമായി നോക്കിയാല്‍ 1860 മുതല്‍ 1880 വരെ ചൂട് കൂടി വരുന്നു എന്നാല്‍ 1880 മുതല്‍ 1910 വരെ ചൂട് കുറയുന്നു. വീണ്ടും 1910 മുതല്‍ 1940 വരെ താപ നില കൂടുന്നു. 1940ല്‍ അത് താഴേയ്ക്ക് പോകുന്നു. 1970 കളില്‍ വീണ്ടും അത് മുകളിലേയ്ക്ക്. 2000ത്തിനടുത്ത് അത് വീണ്ടും താഴേയ്ക്ക് പോകുന്നു. ചുരുക്കത്തില്‍ 20-30 കൊല്ലത്തെ ഇടവേളയില്‍ താപനില ക്രമമായി ഒന്നിടവിട്ട് ഉയരുകയും താഴുകയും ചെയ്യുന്നതായി കാണാം.

എന്ത് കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടിരിക്കുമ്പോള്‍ 1940നും 1975നും ഇടയിലുള്ള കാലയളവിലും 2000ത്തിന് ശേഷവും താപനികുറഞ്ഞു/യുന്നു? ഇതിനെയൊക്കെ കുറിച്ച് വഴിയേ നോക്കാം.

തിരിച്ച് 1970-1980കളിലേയ്ക്ക് വരാം. ഇതേ കാലഘട്ടത്തിലാണ് ബ്രിട്ടണില്‍ കാര്‍ബണിക ഉല്‍പ്പന്നങ്ങളുടെ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുവാന്‍ മാര്‍ഗററ്റ് താച്ചര്‍ രംഗത്തെത്തുന്നത്. ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് പ്രചരണം ലഭിക്കുന്നതും താച്ചറിന്റെ സഹായത്താലാണ്. പിന്നീട് എന്‍.ജി.ഒ.കള്‍ക്കും അമേരിക്കയ്ക്കും ഒപ്പം യൂറോപ്പില്‍ അന്ന് തകര്‍ന്ന് കൊണ്ടിരുന്ന കമ്മ്യൂണിസത്തിന് ജനസമ്മതമായ പുതിയൊരു മുഖം കിട്ടുവാന്‍ ആഗോള താപനമെന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഏറ്റെടുത്തു. അതോടെ ആഗോള താപനം എന്നത് രാഷ്ട്രീയ-സാമ്പത്തിക നിലനില്‍പ്പിന്റെ പ്രശ്നമായി മാറി. ഇന്ന് കുറഞ്ഞ് കൊണ്ടിരിക്കുന്ന ഫോസില്‍ ഇന്ധനത്തിന് നിയന്ത്രണം വരുത്തുവാന്‍ വമ്പന്‍ രാഷ്ട്രങ്ങള്‍ക്കുള്ള എളുപ്പ മാര്‍ഗ്ഗമായി ഇത് മാറി. കൂടാതെ വികസ്വര രാജ്യങ്ങളെ തളര്‍ത്തിയിടുവാനും ഇത് നല്ല ഒരു ആയുധമായി അവര്‍ ഉപയോഗിക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ ഇടതട്ടുകാര്‍ക്ക് പോലും താങ്ങുവാന്‍ കഴിയാത്ത ആള്‍ട്രനേറ്റീവ് എനര്‍ജി ദരിദ്ര രാഷ്ട്രങ്ങളെ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് ഇന്ന് നടമാടുന്നത്!

1998ല്‍ മാന്‍ എന്ന ശാസ്ത്രജ്ഞന്‍ പ്രസിദ്ധീകരിച്ച ലേഖനം ഭാവിയിലെ ആഗോള താപനത്തിന്റെ ഭീകരതയെ ചൂണ്ടികാണിക്കുന്നു എന്ന് പറഞ്ഞ് അല്‍ ഗോര്‍ ഉള്‍‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ “ഹോക്കി സ്റ്റിക്ക് ഗ്രാഫ്” എന്ന പേരില്‍ അറിയപ്പെടുന്ന ഇത് തെറ്റിദ്ധാരണ ജനകമാണെന്ന് ശാസ്ത്ര ലോകം മുറവിളി കൂട്ടി. ഒടുവില്‍ ഇതിന് ആധികാരികതയില്ല എന്ന് വിധിയും വന്നു.

1998ന് ശേഷം ഭൂമിയിലെ ചൂടിന് എന്ത് സംഭവിച്ചു എന്ന് നോക്കിയാല്‍ ആഗോള താപനമെന്ന് മുറവിളി കൂട്ടുന്നവരുടെ പൊള്ളത്തരം വെളിയില്‍ വരും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടികൊണ്ടിരിക്കുമ്പോഴും1999 മുതല്‍ 2008 വരെയുള്ള ചൂട് കുറഞ്ഞാണ് കണ്ടത്! 2009ല്‍ 2008നേക്കാള്‍ “തണുപ്പായിരിക്കും” എന്ന് പറയുമ്പോള്‍ ആഗോള താപനമെന്നും, മനുഷ്യനിര്‍മ്മിതമെന്നും വാദിക്കുന്നവര്‍ക്ക് എവിടെയാണ് പിഴച്ചത് എന്ന് നോക്കേണ്ടിയിരിക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഥവാ മനുഷ്യരാണ് താപനില കൂട്ടുന്നത് എന്ന് വാദിക്കുന്നവര്‍ മനപൂര്‍വ്വം വിട്ട് കളയുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങളിലേയ്ക്ക് കടക്കാം.


സൂര്യന്റെ സ്വാധീനം
സൂര്യന് ഭൂമിയില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമോ? കഴിയും എന്ന് നാം പഠിച്ചിട്ടുള്ളതാണ്. അപ്പോള്‍ എന്ത് കൊണ്ട് സൂര്യനിലെ മാറ്റം ഭൂമിയെ സ്വാധീനിക്കുന്നില്ല എന്ന് കാര്‍ബണ്‍ വിരുദ്ധവാദികള്‍ പറയുന്നു! സൂര്യനിലെ സണ്‍ സ്പോട്ട് ഭൂമിയിലെ താപനിലയെ നിയന്ത്രിക്കുന്നു എന്ന് 1800കളില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് സൂണ്‍ എന്ന ശസ്ത്രജ്ഞനെ പോലെയുള്ളവര്‍ ഇത് തെളിവ് സഹിതം പറഞ്ഞ് തരുന്നു. ഭൌമ താപനിലയ്ക്ക് സോളാര്‍ ഇറേഡിയന്‍സുമായുള്ള ചേര്‍ച്ച പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി ചേര്‍ച്ചയില്ല എന്നത് തന്നെ സൂര്യന്റെ സ്വാധീനം വെളിവാകുന്നു. 2008ല്‍ ഭൂമി തണുത്തു എന്നും ഇതിന് കാരണം സൂര്യനിലെ സണ്‍ സ്പോട്ട് കുറഞ്ഞതാണെന്നും സൂണ്‍ പറയുന്നു. സൂര്യന്റെ ഉള്ളില്‍ പ്രക്ഷുബ്ധത നിറഞ്ഞതും ശാന്തമായതുമായ കാലഘട്ടങ്ങള്‍ ഉണ്ടാകുമെന്നും ഇത് ഏകദേശം 11 കൊല്ലം കൂടുമ്പോള്‍ മാറി വരുമെന്നും നമുക്ക് അറിവുള്ളതാണ്. ഇപ്പോള്‍ സൂര്യന്‍ ശാന്തനാണ്. അതിനാല്‍ സണ്‍ സ്പോട്ടുകള്‍ കുറവാണ്. അപ്പോള്‍ താപനില കുറയുന്നു, എന്നാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടി കൊണ്ടേയിരിക്കുന്നു. അതായത് ആഗോള താപനവാദികളുടെ വാദം പിഴയ്ക്കുന്നു.

കാര്‍ബണ്‍ ഡൈ ഓക്സൈഡും താപനിലയും തമ്മിലുള്ള ബന്ധം
ഹോക്കി സ്റ്റിക്ക് ഗ്രാഫിനോടൊപ്പം അല്‍ ഗോര്‍ ഉപയോഗിച്ചിരുന്ന ഒന്നാണ് വോസ്ടോക്ക് നദിയില്‍ നിന്ന് കുഴിച്ചെടുത്ത മഞ്ഞില്‍ നിന്ന് ലഭിച്ച ചൂടിനെ കുറിച്ചുള്ള ഗ്രാഫ്. അതും കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രാഫും ഒന്നിന് മീതെ ഒന്നായി ചേര്‍ന്ന് പോകുന്നു എന്നായിരുന്നു വാദം. അതിനാല്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഇന്ന് കൂടുന്നതിനാല്‍ സ്വാഭാവികമായും താപനില ഉയരും എന്ന് അവര്‍ പറയുന്നു. എന്നാല്‍ ആ ഗ്രാഫുകള്‍ സൂക്ഷിച്ച് നോക്കിയാല്‍ അവ തമ്മില്‍ ചെറിയ വ്യത്യാസം കാണാം എന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. ചെറുതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവയുടെ സംഖ്യാ വിലകള്‍ തമ്മില്‍ ഒരു 200-400 കൊല്ലത്തെ വ്യത്യാസമുണ്ട്. എന്ന് പറഞ്ഞാല്‍ താപനില കൂടി 200-400 വര്‍ഷം കഴിഞ്ഞാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ദ്ധിക്കുന്നത്. അതായത് ഇപ്പോള്‍ നാം കാണുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഒരു 200 കൊല്ലം പഴക്കമുള്ള ചൂട് കൂടിയത് കൊണ്ട് ഉണ്ടായതാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുന്നത് മരങ്ങള്‍ മാത്രമല്ല വിശാലമായ സമുദ്രവും ഇതിനെ ആഗിരണം ചെയ്യുന്നു. കടലില്‍ അലിഞ്ഞ് ചേരുന്ന ഈ വാതകം താപ നില വര്‍ദ്ധിക്കുമ്പോള്‍ അന്തരീക്ഷത്തിലേയ്ക്ക് പതുക്കെ പുറം തള്ളപ്പെടുന്നു. ഇന്ന് ലഭ്യമായ തെളിവുകള്‍ പറയുന്നത് ഭൂമി ചൂട് പിടിക്കുകയും കടലിനടിയിലെ ഒഴുക്കിന്റെ ഫലമായി അടിയിലെ താപ നില വര്‍ദ്ധിക്കുകയും അങ്ങിനെ കടലില്‍ അലിഞ്ഞു ചേര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡുകള്‍ അന്തരീക്ഷത്തിലേയ്ക്ക് വരുകയും ചെയ്യുന്നു എന്നാണ്. കടലിനടിയിലെ താപനില കൂടുന്നതും (അന്തരീക്ഷ താപനിലയല്ല) അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

നീരാവിയുടെ പങ്ക്
ഇനി ഹരിത വാതകങ്ങളില്‍ 66%ത്തിന് മുകളില്‍ വരുന്നത് നീരാവിയാണ്. ഇവയ്ക്ക് പ്രാധാന്യമില്ല എന്നതരത്തിലാണ് ഇന്ന് ലോകം നീങ്ങുന്നത്. എന്നാല്‍ ഇവരെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നത് മേഘത്തെ ഒഴിവാക്കിയുള്ള കമ്പ്യൂട്ടര്‍ മോഡലുകളാണ് ഈ പ്രശ്നങ്ങല്‍ക്കൊല്ലാം കാരണം എന്നാണ്. നീരാവിയുടെ ഉറവിടവും, അത് അന്തരീക്ഷത്തെ ചൂടാക്കുമോ അതോ തണുപ്പിക്കുമോ എന്ന് നിശ്ചയമില്ലാത്തതുമാണ് ഭാവിയിലെ താപനിലയെ പറ്റി പല കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പല തരത്തില്‍ പ്രവചിച്ചിരിക്കുന്നത്. ഇതിനെ ശരിവെയ്ക്കുന്നതാണ് സാറ്റലൈറ്റ് ഡാറ്റകള്‍. ബലൂണ്‍ പരീക്ഷണങ്ങളും സാറ്റലൈറ്റ് ഡാറ്റകളെ ശരി വെയ്ക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്ന സാറ്റലൈറ്റ് ഡാറ്റ അനുസരിച്ച് 1993ല്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഭൌമ താപനില കുറഞ്ഞു എന്നും 1998ല്‍ എല്‍ നിനോ പ്രതിഭാസത്താല്‍ താപനില കൂടി എന്നും കാണാം. അതായത് അഗ്നി പര്‍വ്വതങ്ങള്‍ ഭൌമതാപനിലയെ സാരമായി ബാധിക്കുന്നുണ്ട് എന്നതല്ലേ!


മറ്റ് വാദങ്ങള്‍
മറ്റൊരു വാദം മഞ്ഞുമലകള്‍ ഉരുകുന്നു എന്നാണ്. ഇവര്‍ "ലിറ്റില്‍ ഐസ് ഏജിനെ” മറന്ന് പോകുന്നു. അന്ന് മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ഇന്ന് തിരിച്ച് പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചേരുന്നു. മഞ്ഞ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതി പ്രക്രീയയാണ്. ഇവിടെയും ഒരു നിശ്ചിത ഇടവേള നമുക്ക് കാണുവാനാകും. 2007-2008ലെ മഞ്ഞ് കാലം അതിന് മുന്‍പുള്ളവയേക്കാള്‍ തണുത്തതായിരുന്നു.

ആര്‍ട്ടിക്കില്‍ ചൂട് കൂടുന്നു, ഗ്രീന്‍ലാന്റില്‍ മഞ്ഞുരുകുന്നു ഇത് സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുമെന്നാണ് വാദിക്കുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ പണ്ട് (“മിഡീവിയല്‍ വാം പിരിയഡില്‍”) ആളുകള്‍ താമസിച്ചിരുന്നു എന്നും കൃഷി ചെയ്തിരുന്നു എന്നും അതിന് ശേഷം “ലിറ്റില്‍ ഐസ് ഏജില്‍” ആണ് ഇന്ന് കാണുന്നത് പോലെ മഞ്ഞ് മൂടപ്പെട്ടതെന്നും അറിവുള്ളതാണ്. കൂടാതെ ഇപ്പോള്‍ ആര്‍ട്ടിക്കില്‍ ചൂട് കൂടുമ്പോള്‍ തന്നെ അന്റാര്‍ട്ടിക്കില്‍ മഞ്ഞ് കൂടുതലായി അടിഞ്ഞ് കൂടുന്നു എന്നതിനെ പറ്റി ഇവര്‍ പറയുന്നില്ല. ഇനി പഴയ കാല ചരിത്രം നോക്കിയാല്‍ ചൂട് കൂടിയ സമയത്ത് സമുദ്രനിരപ്പ് താഴുകയാണ് ചെയ്തിട്ടുള്ളത്!

സമുദ്രത്തിന്റെ അടിയൊഴുക്കുകളും, സമുദ്രത്തിലെ താപനിലയും അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നുണ്ട്.

സാറ്റലൈറ്റ് ഡാറ്റയില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന് നാം കണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് താപനില വര്‍ദ്ധിച്ചതിന് പ്രകൃതിദത്തമായ കാരണങ്ങളാണെന്ന് ആഗോള താപന വാദികള്‍ സമ്മതിക്കുമ്പോള്‍ തന്നെ ഇന്ന് അവയ്ക്ക് യാതൊരു സ്വാധീനവും ഇല്ല എന്ന് പറയുന്നതിലെ വൈരുദ്ധ്യാതമകത കണ്ടില്ലെന്ന് നടിക്കുവാനാകുമോ?

ഇവ കൂടാതെ എല്ലാവരും മറക്കുന്ന മറ്റൊരു കാരണം കൂടി ഇവിടെ കുറിക്കുന്നു. ഭൂമിയുടെ ധ്രുവങ്ങളില്‍ വരുന്ന മാറ്റം. നോര്‍ത്ത് മാഗ്നറ്റിക്ക് ധ്രുവത്തെ കുറിച്ച് കാനഡ പഠനം നടത്തുണ്ട്. 2001 വരെയുള്ള ഡാറ്റകളനുസരിച്ച് നോര്‍ത്ത് ധ്രുവത്തിന്റെ സ്ഥാനം അതി വേഗത്തില്‍ മാറി കൊണ്ടിരിക്കുന്നു എന്നാണ്, ഒരു വര്‍ഷത്തില്‍ 40കി.മി. വേഗതയില്‍! 2050ല്‍ നോര്‍ത്ത് പോള്‍ സൈബീരിയയില്‍ എത്തുമെന്നാണ് കരുതുന്നത്! കൂടാതെ ദക്ഷിണ ഉത്തര ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയുന്നത് സാധാരണ സംഭവിക്കുന്നതാണ്. മുന്‍പ് സംഭവിച്ചിട്ടുണ്ട്. പക്ഷേ പതിനാരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടേ ഇത് സംഭവിക്കാറുള്ളൂ. അടുത്ത ധ്രുവ മാറ്റത്തിനുള്ള സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു എന്നാണ് ശസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഏത് സമയവും ഭൂമിയുടെ ധ്രുവങ്ങള്‍ തമ്മില്‍ മാറി മറിയാം. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്താകാം അല്ലെങ്കില്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ കൊണ്ടാകാം. അങ്ങിനെയെങ്കില്‍ ഒരു പക്ഷേ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകാം. ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചത് ധ്രുവങ്ങളില്‍‍ മാറ്റം വരുന്നുണ്ടെന്ന് നാസയും മറ്റ് ശാസ്ത്രജ്ഞരും സമ്മതിക്കുന്നു അപ്പോള്‍ എന്ത് കൊണ്ട് ഭൂമിയിലെ താപനിലയിലെ വ്യതിയാനത്തിന് പ്രത്യേകിച്ച് ആര്‍ട്ടിക്കിലെയും, ഗ്രീന്‍ലാന്റിലെയും മഞ്ഞുരുകുന്നതില്‍ ഈ ധ്രുവ മാറ്റം കാരണമാകുന്നില്ല എന്നതാണ്.

ചുരുക്കത്തില്‍:
  • 1940 മുതല്‍ 1975 വരെ ഭൌമ താപനില കുറഞ്ഞാണിരുന്നത് എന്നാല്‍ ആ കാലഘട്ടത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുകയായിരുന്നു.
  • കാലാവസ്ഥ മോഡലുകള്‍ പ്രകാരം ഇപ്പോള്‍ ഭൌമതാപനില കൂടേണ്ടതാണ് എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താപനില കുറയുകയാണ്.
  • ആര്‍ട്ടിക്കില്‍ മഞ്ഞ് ഉരുകുന്നു എങ്കിലും അന്റാര്‍ട്ടിക്കില്‍ മഞ്ഞിന്റെ അടിഞ്ഞ് കൂടല്‍ വര്‍ദ്ധിക്കുന്നു.
  • സൂര്യനില്‍ ഇപ്പോള്‍ സണ്‍ സ്പോട്ട് ഇല്ല അല്ലെങ്കില്‍ കുറവാണ് അതിനാല്‍ തന്നെ ഭൌമ താപനിലയും കുറഞ്ഞിരിക്കുന്നു
  • ഭൌമ താപനില വര്‍ദ്ധിച്ചതിന് ശേഷമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ചത്. അതായത് ചൂട് വര്‍ദ്ധിച്ചതിനാല്‍ കടലില്‍ അലിഞ്ഞ് ചേര്‍ന്ന വാതകം പുറത്തേയ്ക്ക് വരുന്നു.
  • മേഘങ്ങളും, ഏറോ സോളുകളും ഭൌമ താപനില കുറയ്ക്കുവാന്‍ കാരണമാകും എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇവയെ നിസ്സാരമായി കാണുന്നു.
  • താപനില വര്‍ദ്ധിക്കുമെന്ന് പറയുന്ന കമ്പ്യൂട്ടര്‍ മോഡലുകളുടെ പ്രവചനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്നത് തന്നെ ഇവയെ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ല.
  • കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടുന്നത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അത് വഴി കൃഷി വര്‍ദ്ധിക്കും.
  • 1971ല്‍ നാഷണല്‍ അക്കാഡമിക്ക് സയന്‍സ് പറഞ്ഞത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമി തണുത്ത് മരവിക്കുമെന്നാണ്. ഇന്ന് ഐ.പി.സി.സി. പറയുന്നത് 2100 ഓടെ ചൂട് രണ്ട് ഡിഗ്രി സെത്ഷ്യസ് ആയി വര്‍ദ്ധിക്കുമെന്നാണ്.
  • വില കൂടിയ ആള്‍ട്ടര്‍നേറ്റീവ് ഊര്‍ജ്ജത്തിന്റെ ഉപയോഗം സാധാരണക്കാര്‍ക്ക്/രാജ്യങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത ഒന്നാണ്.
അതായത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണ് താപനില ഉയരുവാന്‍ കാരണമെന്ന് പറയുന്നവര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്ന് തന്നെ കാണാം. അതിന് അവര്‍ ഉപയോഗിച്ച പല ശാസ്ത്രീയ തെളിവുകളും തെറ്റെന്ന് തെളിഞ്ഞതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. 1970കളില്‍ താപനില ഉയരുമെന്ന് പറഞ്ഞ ശാസ്ത്രജ്ഞര്‍ തന്നെ ഇന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് മാത്രമാണ് പ്രധാന വില്ലന്‍ എന്ന വാദത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കൂടിയാല്‍ സസ്യജാലങ്ങള്‍ക്ക് നല്ലതാണെന്ന കണ്ട് പിടുത്തം ചൂണ്ടി കാണിച്ച് ചിരിച്ച് തള്ളുന്നു. തണുത്ത കാലാവസ്ഥയേക്കാള്‍ ചൂട് കാലാവസ്ഥയല്ലേ നല്ലതെന്ന് അവര്‍ തിരിച്ച് ചോദിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉയരുമ്പോള്‍ താപനിലയും ഉയരുമെന്ന വാദത്തിന് പ്രഹരമേല്‍പ്പിച്ച് കൊണ്ട് ഇപ്പോള്‍ താപനില കുറയുകയാണ് ചെയ്യുന്നത്. ഇതിന് മറുപടിയില്ലാത്തതിനാല്‍ ഇപ്പോള്‍ കടലിലെ വെള്ളം ഉയരുമെന്ന് പറഞ്ഞാണ് പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നത്. ഇനി ഒരു പക്ഷേ ഏതെങ്കിലും ശസ്ത്രജ്ഞന്‍ 1980കളിലെ പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജീവജാലങ്ങളുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം എന്ന് പറഞ്ഞ് രംഗത്ത് വരുകയാണെങ്കില്‍ ഈ വാദികള്‍ മറ്റൊരു വാതകത്തിന് പുറകെ പോകുമായിരിക്കും. അത് കണ്ടും തുടങ്ങിയിട്ടുണ്ട്. ഹരിത വാതകമായ മീതൈന്‍ വാതകം ഇന്ത്യ കൂടുതല്‍ പുറപ്പെടുവിക്കുന്നു. ഇന്ത്യയിലെ പശുക്കളാണത്രേ കാരണക്കാര്‍!!!!!! കാര്‍ബണ്‍ ഡൈ ഓക്സൈഡ് പാര്‍ട്ട്സ് പെര്‍ മില്ല്യണിലാണെങ്കില്‍ മീതൈന്‍ പാര്‍ട്ട്സ് പെര്‍ ബില്ല്യണിലാണ്...... പുതിയ വിവാദങ്ങളിലേയ്ക്ക്.....

10 comments:

  1. ആരെയും വഴി തെറ്റിക്കുവാനല്ല.... മറിച്ച് ആഗോളതാപനത്തിന്റെ പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടുവാനാണ്... ആധുനിക ശാസ്ത്രതെളിവുകള്‍ താപനവാദത്തിനെതിരെ നില്‍ക്കുന്നു എന്നത് പുറത്താക്കുവാന്‍ രാഷ്ട്രങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കമ്പ്യൂട്ടര്‍ മോഡലുകള്‍ ഇന്നത്തെ അറിവിന്റെ അടിസ്ഥാനത്തിലുള്ള പരിമിതികള്‍ നിറഞ്ഞ പ്രയത്നമാണ്. ചരിത്രത്തില്‍ നിന്ന് പാഠമുള്‍കൊണ്ട് തന്നെയാണ് ശാസ്ത്രവും മുന്നേറുന്നത്. ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നു, ധ്രുവങ്ങള്‍ തമ്മില്‍ മാറുന്നു, സൂര്യനില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ ഭൂമിയെ എങ്ങിനെ ബാധിക്കും, പ്ലാനറ്റ് എക്സിന് ഭൂമിയില്‍ എന്തെങ്കിലും ചെയ്യുവാനുള്ള ശക്തിയുണ്ടോ ഇവയെല്ലാം പ്രവചനത്തിനധീതമാണെന്നതിനാല്‍ തന്നെ അടുത്ത 100 വര്‍ഷത്തില്‍ എന്ത് സംഭവിക്കുമെന്ന് ഇന്ന് പറയുക ബുദ്ധിമുട്ട് തന്നെ.

    എങ്കിലും കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ കുരുതി കൊടുത്ത് കൊണ്ടുള്ള ഹിഡന്‍ അജണ്ടകള്‍ ലോക ജനത അടുത്ത് തന്നെ തിരിച്ചറിയും.

    ReplyDelete
  2. Rm³ Hcp hnZymÀ°n-bm-Wv. Cu teJ\w hmbn-¨-t¸mÄ F\n¡ Ipd¨p IqSn Adn-hp-IÄ t\Sp-hm³ km[n-¨p. \à H¶m-sW-¶-Xn F\n¡ kwi-b-an-Ã. C\nbpw CXp t]mse _tem-Kn DÄs¸-Sp-¯p-I. AXv FÃm-hÀ¡pw klm-b-I-c-ambn¯ocpw. XoÀ¨.

    ReplyDelete
  3. Thank you for the info. I am yet to understand fully, will come back again. :)

    ReplyDelete
  4. 1824-ല്‍ ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായ ജീന്‍ ബാപ്റ്റൈസ് ജോണ്‍ ഫൊറിയര്‍ ആണ് ആദ്യമായി ബൊമ്മിയിലെ താപനില ഉയര്‍ന്നു വരുന്നത് കണ്ടെത്തിയത് എന്ന് പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം നോബല്‍ സമ്മാന ജേതാവായ അറീനിയസ്‌ ഇതിനെ 'ആഗോള താപനം' എന്ന പേരില്‍ വിശേഷിപ്പിച്ച് കാരണങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇത് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. ആഗോള താപനം എന്ന് പറയുവാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആകുന്നുവുള്ളൂ എന്ന് പറഞ്ഞത് ശരിയല്ല.

    1990 നു ശേഷമാണു ലോകത്തിലെ ഏറ്റവും താപം കൂടിയ പത്തു വര്‍ഷങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്നും കാണാം. 1998, 2002, 2003,2001, 1997 എന്നിങ്ങനെ (ഈ പോസ്റ്റിലെ തന്നെ ഗ്രാഫുകളില്‍ നിന്ന് ഇത് മനസ്സിലാക്കാം).

    1880 മുതല്‍ 2005 വരെയുള്ള ആഗോള ശരാശരി താപനിലയിലെ വ്യത്യാസത്തിന്റെ ചാര്‍ട്ട് കാണുക. രണ്ടായിരത്തിനു ശേഷം ചൂട് കൂടുകയല്ല ചെയ്തത് എന്ന് പറയുന്നതും ശരിയല്ല! 2000-2005 ലെ ശരാശരി ആഗോള താപം 14.62 ഡിഗ്രീ. 1880-1889 ല്‍ ഇത് 13.8 ആയിരുന്നു.

    1880 മുതല്‍ 2003 വരെ ആഗോള താപനിലയിലുണ്ടായ അനുക്രമമായ ഉയര്‍ച്ചയെയാണ് ആഗോള താപനം എന്ന് വിശേഷിപ്പിക്കന്നത്. ഇതിന്റെ പ്രധാന കാരണം ഭൂമിയുടെ പരിക്രമണപഥത്തിലുണ്ടാവുന്ന വ്യതിയാനങ്ങളും സൂര്യനിലെ ക്രമമില്ലാത്ത ജ്വലനങ്ങളും ആവാമെന്ന അനുമാനങ്ങളില്‍ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്.

    ഒരു പ്രതിഭാസത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുന്നതിലപ്പുറം ആ പ്രതിഭാസത്തെ തന്നെ സ്യൂഡോ സയന്‍സ്‌ പോലെയോ നുണയായോ സമീപിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. അതു കൊണ്ടാണ് താപ നിലയില്‍ ഒരു നൂറ്റാണ്ടിലുണ്ടായ ഉയര്‍ച്ചയെ നുണനെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തലവാചകമായിപ്പോയി കഴിഞ്ഞ പോസ്റ്റിലേത് എന്ന് പറഞ്ഞത്!

    ReplyDelete
  5. Global Warming (ആഗോള താപനം) എന്ന വാക്ക് Broecker എന്ന ശാസ്ത്രജ്ഞന്‍ 1975ല്‍ ആണ് ആദ്യമായി ഉപയോഗിച്ചതെന്ന് നാസയും പറയുന്നുണ്ട് (ലിങ്ക് പോസ്റ്റില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്). നാസയുടെ സൈറ്റില്‍ പറയുന്നത് “Its first use was in a 1975 Science article by geochemist Wallace Broecker of Columbia University's Lamont-Doherty Geological Observatory: "Climatic Change: Are We on the Brink of a Pronounced Global Warming?" Broecker's term was a break with tradition. Earlier studies of human impact on climate had called it "inadvertent climate modification."”

    നാസ അതില്‍ പറഞ്ഞ് അവസാനിപ്പിക്കുന്ന വാചകം “But temperature change itself isn't the most severe effect of changing climate. Changes to precipitation patterns and sea level are likely to have much greater human impact than the higher temperatures alone. For this reason, scientific research on climate change encompasses far more than surface temperature change. So "global climate change" is the more scientifically accurate term. Like the Intergovernmental Panel on Climate Change, we've chosen to emphasize global climate change on this website, and not global warming.”

    ഭൂമിയുടെ ഉപരിതല താപനില ഭൂമിയില്‍ നിന്ന് അളക്കുന്നതും സാറ്റലൈറ്റ് വഴി അളക്കുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട് എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.

    ഞാനും കഴിഞ്ഞ പോസ്റ്റിലും ഉദ്ദേശിച്ചത് താങ്കള്‍ പറഞ്ഞത് തന്നെയാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ട് പിടിക്കണം പക്ഷേ പൊളിറ്റിക്കല്‍ അജണ്ടയുള്ള ഭരണകൂടങ്ങള്‍ ഇന്ന് അല്‍ഗോറിനെ പോലെയുള്ളവരോടൊപ്പം കാര്‍ബണിനെ മാത്രം എടുത്ത് കുറ്റം പറയുന്നു. എന്നാല്‍ അത് തെളിയിക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എന്ന് മാത്രമല്ല അവരുടെ വദത്തെ എതിര്‍ക്കുന്നവരെ നിരുത്സാഹപ്പെടുത്തുവാനും ശ്രമിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ പോലും എതിര്‍ക്കുന്ന ഈ ന്യൂനപക്ഷത്തിന് ഫണ്ടിങ്ങ് ലഭിക്കുന്നില്ല എന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു!

    ശാസ്ത്ര സത്യങ്ങള്‍ പുറത്ത് വരണം.. ഒരു പക്ഷേ അത് ഇന്നത്തെ “വിശ്വാസങ്ങള്‍ക്ക്” എതിരായിരിക്കാം... പക്ഷേ പുതിയ വെളിപ്പെടുത്തലിലൂടെ മാത്രമേ ശാസ്ത്രത്തിന് മുന്നോട്ട് പോകുവാന്‍ കഴിയൂ എന്നത് ചരിത്ര സത്യം....

    ReplyDelete
  6. ഗ്ലോബല്‍ വാമിംഗ് എന്നതിനേക്കാള്‍ ആഗോള കാലാവസ്ഥാമാറ്റം എന്ന പരിപ്രേക്ഷ്യത്തില്‍ ഇതിനെ സമീപിക്കുകയാണ് വേണ്ടതെന്നാണ് നാസയുടെ നയം. മനുഷ്യ പ്രവൃത്തിയുടെ ഫലമായിട്ടായാല്‍ പോലും എന്തിനു ആ കാലാവസ്ഥാ മാറ്റത്തെ എതിര്‍ക്കുന്നു, ഏറ്റവും മികച്ച കാലാവസ്ഥയാണല്ലോ നാം ജീവിക്കുന്ന കാലത്തിലേത് എന്ന് നാസാ തലവന്‍ മൈക്കേല്‍ ഗ്രിഫിന്‍ വിവാദമായ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതായി കാണാം.

    ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് നാസയുടെ തന്നെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ കാണുക:

    http://www.nasa.gov/worldbook/global_warming_worldbook.html

    http://www.nasa.gov/centers/goddard/news/topstory/2003/1023esuice.html


    "കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉയരുമ്പോള്‍ താപനിലയും ഉയരുമെന്ന വാദത്തിന് പ്രഹരമേല്‍പ്പിച്ച് കൊണ്ട് ഇപ്പോള്‍ താപനില കുറയുകയാണ് ചെയ്യുന്നത്. ഇതിന് മറുപടിയില്ലാത്തതിനാല്‍ ഇപ്പോള്‍ കടലിലെ വെള്ളം ഉയരുമെന്ന് പറഞ്ഞാണ് പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നത്."

    ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് 3-4 ഇഞ്ചുകള്‍ ഒരു നൂറ്റാണ്ടു കൊണ്ട് ഉയര്‍ന്നതായി താങ്കള്‍ ആശ്രയിച്ച നാസയും പറയുന്നുണ്ട്!. നാസയുടെ തന്നെ പേജിലെ കാര്‍ബണ്‍ ഡയോക്സൈഡ് സാന്ദ്രതയുടെ ചാര്‍ട്ടും കാണുക.

    സണ്‍ സ്പോട്ടുകള്‍ മൂലമുള്ള ഭൂമിയിലെ താപവ്യതിയാനം എടുത്തുപറയത്തക്കതല്ലെന്നും മറുവാദമുണ്ട്. ഇത് എത്രത്തോളമാണെന്ന് ഹരിത ഗൃഹ പ്രഭാവം നില നില്‍ക്കുന്ന അന്തരീക്ഷത്തിനു പുറത്തു വെച്ചു മാത്രമേ തിട്ടപ്പെടുത്താന്‍ കഴിയൂ. അതു വരെ താപനിലയിലെ നൂറു വര്‍ഷത്തിനിടയിലുണ്ടായ വര്‍ദ്ധനവ് മനുഷ്യനിര്‍മ്മിതമായിരുന്നോ എന്ന് തീര്‍ത്തു പറയാനാവില്ല. അപകടകാരിയായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് പരിധിയിലേറെ ഉയരുന്നതിനെതിരെ പ്രചാരണം നടത്തുന്നവരെ ആക്ഷേപിക്കാനുമാവില്ല!

    ReplyDelete
  7. "നാസയും പറയുന്നുണ്ട്” എന്നാണ് ഞാന്‍ എഴുതിയത് :) നാസയെ ഞാന്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല എന്നത് തന്നെ കാരണം :)

    സമുദ്രനിരപ്പ് കൂടുകയും കുറയുകയും ചെയ്ത് കൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. അത് മനുഷ്യരുടെ ഇടപെടല്‍ കൊണ്ട് മാത്രമാണ് എന്ന തരത്തില്‍ പറയുന്നതാണ് പ്രശ്നം. ലിറ്റില്‍ ഐസ് ഏജില്‍ ഭൂമി തണുത്തപ്പോള്‍ സ്വാഭാവികമായും കര കൂടി. ഇപ്പോള്‍ താപനില “സാധാരണ” നിലയിലേയ്ക്ക് വരുന്നതിനാല്‍ കടല്‍ ഉയര്‍ന്ന് വരുന്നു.

    ചുരുക്കത്തില്‍ ഭൂമിയുടെ താപനിലയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായി കണ്ടെത്തുവാനുള്ള അവസരം ഗവണ്മെന്റുകള്‍ ഒരുക്കണം. ശസ്ത്രം ചരിത്രത്തെ പോലെ തന്നെ എന്നും ഭരണവര്‍ഗ്ഗത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിരുന്നു. ഇതില്‍ പണ്ട് മതമായിരുന്നു മുന്‍പന്തിയിലെങ്കില്‍ ഇപ്പോള്‍ ഗവണ്മെന്റുകളാണ്.

    ReplyDelete
  8. പുതിയ പുതിയ അറിവുകൾ..

    സധാരണക്കാരായ ഞങ്ങൾക്ക് ഇതിന്റെ ഉള്ളുകള്ളികൾ ഒന്നും മനസ്സിലാവുകയില്ല. ചൂടു കൂടി വരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ അതു വിശ്വസിക്കും.

    ശാസ്ത്ര ലോകവും നമ്മളെ പറ്റിക്കുകയാണൊ..? ഇതു പോലെയുള്ള വിവരങ്ങൾ വായിക്കുമ്പോഴാണ് കുറച്ചെങ്കിലും സത്യാവസ്ഥ മനസ്സിലാകുന്നത്.


    വിവരങ്ങൾ തന്നതിന് വളരെ വളരെ നന്ദി.
    ഇനിയും വരാം.

    ReplyDelete
  9. what a information it is ? nammal aare believe cheyyanam . enthayalum kollam . ee study kollam

    ReplyDelete